CrimeNEWS

കലാപക്കേസ് പ്രതിക്ക് ബി.ജെ.പി പ്രാദേശിക ഭാവാഹിത്വം

ലഖ്‌നോ: പൊലീസുദ്യോഗസ്ഥന്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട ബുലന്ദ്ഷഹര്‍ കലാപക്കേസിലെ മുഖ്യപ്രതിയെ ബി.ജെ.പി സോണല്‍ പ്രസിഡന്റായി നിയമിച്ചു. ഉത്തര്‍ പ്രദേശിലാണ് കലാപക്കേസിലെ പ്രതിയായ പ്രതി സച്ചിന്‍ അഹ്ലവത്തിനെ സോണല്‍ പ്രസിഡന്റായി ബി.ജെ.പി യു.പി ഘടകം നിയമിച്ചത്.

ബുലന്ദ്ഷഹറില്‍ ബി.ജെ.പി 31 സോണല്‍ പ്രസിഡന്റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് സച്ചിന്‍ അഹ്ലവത്തിനെയും നിയമിച്ചത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Signature-ad

2018 ഡിസംബര്‍ മൂന്നിന് ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ സിയാന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന സുബോധ് കുമാര്‍ സിംഗ് ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അന്ന് രാവിലെ മഹാവ് ഗ്രാമത്തിലെ വയലില്‍ ഒരു പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിതിനെ തുടര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. തടിച്ചുകൂടിയ അറുപതോളം പേര്‍ നടപടി ആവശ്യപ്പെട്ട് ചത്തപശുവുമായി ചിങ്ങരാവതി സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് ബുലന്ദ്ഷഹറില്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

ഇതിനിടയില്‍ റോഡ് ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങിന്റ നേതൃത്വത്തിലുള്ള പൊലീസ് സേന രംഗത്തെത്തി. എന്നാല്‍, പ്രതിഷേധം കടുപ്പിച്ച അക്രമകാരികള്‍ പൊലീസിനെ അക്രമിക്കുകയും സുബോധ് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

സുബോധിന്റെ റിവോള്‍വര്‍ ഉപയോഗിച്ച് അയാളെ അക്രമകാരികള്‍ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിനിടെ പ്രതിഷേധക്കാരിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു.

 

Back to top button
error: