NEWSWorld

മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്ക് ജയിച്ചു; ആരാധകന്റെ മുഖത്തടിച്ച് ഷാകിബുല്‍ ഹസന്‍ വിവാദത്തില്‍

ധാക്ക: മൃഗീയ ഭൂരിപക്ഷത്തിന് പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബുല്‍ ഹസന്‍ വിവാദത്തില്‍. ആരാധകന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ താരത്തിനു തിരിച്ചടിയായിരിക്കുന്നത്. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് ആരാധകനെ അടിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തിരിഞ്ഞുനിന്ന് ആരാധകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിനു കാരണം വ്യക്തമല്ല.

Signature-ad

ഇന്നലെ നടന്ന ബംഗ്ലാദേശ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഗൂറ മണ്ഡലത്തില്‍നിന്നാണ് ഷാകിബ് വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചത്. അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാകിബിന് 1,85,388 വോട്ടാണ് ലഭിച്ചത്. മുഖ്യ എതിരാളിയായ കാസി റെസാവുല്‍ ഹുസൈന് ലഭിച്ചത് വെറും 45,993 വോട്ടാണ്. ഷാകിബിനു മന്ത്രിസ്ഥാനവും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രതിപക്ഷം ബഹിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പില്‍ 223 സീറ്റ് നേടി അവാമി ലീഗ് ഭരണമുറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം തവണയും ശൈഖ് ഹസീന അധികാരത്തിലേറുന്നത്. പ്രധാനമന്ത്രിയായി ഇത് അഞ്ചാം ഊഴം കൂടിയാണിത് അവര്‍ക്ക്. ഗോപാല്‍ഗഞ്ചില്‍നിന്ന് വന്‍ ഭൂരിപക്ഷത്തിനാണ് ഹസീന പാര്‍ലമെന്റില്‍ എട്ടാം വിജയമുറപ്പിച്ചത്.

 

 

Back to top button
error: