ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍നിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന. ഒരു സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.
പ്രതികളെ വിട്ടയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബില്‍ക്കീസ് ബാനു നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
2002ലെ ഗുജറാത്തു കലാപത്തിനിടെ ബില്‍ക്കീസ് ബാനോയെ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നല്കിയ ഹര്‍ജികളിലാണു കോടതി വിധി പറയുന്നത്. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.
ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനല്കി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു.
മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്. 15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.
ബില്‍ക്കിസ് ബാനു 5 മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്. 2002 മാര്‍ച്ച് 3ന് അക്രമികള്‍ ഇവരെ കണ്ടെത്തുകയും 7 പേരെ കൊലപ്പെടുത്തുകയും ബില്‍ക്കിസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിനൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കണ്മുന്നില് വച്ച് കൊലപ്പെടുത്തിയതിനും അവള് സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ 3 ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.