തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം നാടിൻറെ പൊതു തലത്തിൽ നല്ലതിനോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത് .ലോകം മുഴുവൻ പൊതു -സ്വകാര്യ പങ്കാളിത്തം അല്ലെങ്കിൽ സ്വകാര്യ മേഖലക്ക് ഊന്നൽ എന്ന നിലയിലേക്ക് മാറലിനു വേണ്ടി വെമ്പുമ്പോൾ അല്ലെങ്കിൽ മാറുമ്പോൾ എന്തിനു നമ്മൾ മാറി നിൽക്കണം എന്ന ചോദ്യം പ്രസക്തമാണ് .ഇന്ത്യയെ ലോകവിപണിക്ക് മുന്നിൽ തുറന്നിട്ട് കൊടുത്ത മൻമോഹൻ സിങ് ഇന്ന് അധികാരത്തിൽ ഇല്ല .എന്നാൽ മൻമോഹൻ തുറന്നിട്ട പാതയിലൂടെ തന്നെയാണ് മോഡി സർക്കാരിന്റെ യാത്ര .
എങ്കിലും പ്രസക്തമായ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട് .എന്തിനാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈ മാറിയത് ?ഹൈക്കോടതിയിൽ തൊഴിലാളി യൂണിയൻ കൊടുത്ത കേസ് ഇനിയും തീർപ്പായിട്ടില്ല .ഒരിക്കൽ ഹൈക്കോടതി തള്ളിയ കേസ് സുപ്രീം കോടതി നിർദേശപ്രകാരം വീണ്ടും തുറന്നതാണ് .ആ കേസിനു തീർപ്പാകും മുമ്പാണ് തിരുവനന്തപുരം വിമാനത്തവളം അദാനിക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തത് .അതും സംസ്ഥാന സർക്കാരിന്റെ എതിർപ്പിനെ മറികടന്ന് .
170 കോടി വാർഷിക ലാഭമുള്ള പ്രസ്ഥാനം ആണ് തിരുവനന്തപുരം വിമാനത്താവളം .അതായത് ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനം .വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല എന്നാണ് മാർച്ച് 11 ന് കേന്ദ്ര സർക്കാർ പാര്ലമെന്റിൽ അറിയിച്ചത് .കാരണമായി പറഞ്ഞത് കേസിൽ തീരുമാനം ആയില്ല എന്നതാണ് .ഇപ്പോൾ കേസിൽ തീരുമാനം ആയതു കൊണ്ടാണോ അദാനിക്ക് കൈമാറാൻ തീരുമാനിച്ചത് ?
എയർപോർട്ട് സ്വകാര്യവൽക്കരണം ഏറെ ചർച്ച ചെയ്ത ഒന്നാണ് .സീതാറാം യെച്ചൂരി ചെയർമാനും ഇന്നത്തെ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അംഗവുമായ പാര്ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഇക്കാര്യം പരിശോധിച്ചതുമാണ് .എന്താണ് സമിതി മുന്നോട്ട് വച്ച കാര്യം?വിമാനത്താവള സ്വകാര്യവൽക്കരണത്തിനു എതിരെയാണ് അവരുടെ നിലപാട് .എന്നിട്ടും കേന്ദ്രം എന്തിനാണ് അദാനിക്ക് വിമാനത്താവളം നൽകിയത് .
ആർഎസ്എസിന്റെ തൊഴിലാളി സംഘടനയാണ് ബി എം എസ് .സ്വകാര്യവൽക്കരണത്തിനെതിരെയാണ് അവരുടെ നിലപാട് .മോഡി ഭരിക്കുമ്പോൾ തന്നെ സ്വകാര്യവൽക്കരണത്തിനു എതിരായ ദേശവ്യാപക തൊഴിലാളി പണിമുടക്കിൽ അവർ കണ്ണി ചേരുകയും ചെയ്തിട്ടുണ്ട് .
വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിച്ച മുൻ മാതൃകകൾ പറയുന്നത് എന്താണ് ?ഡൽഹി വിമാനത്താവളം സ്വകാര്യവൽക്കരിച്ചപ്പോൾ എയർപോർട്ട് അതോറിറ്റിക്ക് ഒന്നര ലക്ഷം കോടിയിലധികം നഷ്ടമാണുണ്ടായത് .എന്നാൽ സ്വകാര്യ കമ്പനിക്കോ അത്രയും തന്നെ ലാഭവും .സ്വകാര്യവൽക്കരിച്ച ഡൽഹി വിമാനത്താവളം നഷ്ടത്തിലാണ് എന്ന കാര്യം എത്ര പേർക്കറിയാം .
ഇതൊക്കെ കൊണ്ട് തന്നെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം ചോദ്യം ചെയ്യപ്പെടുന്നത് .കേരളം ഏറ്റെടുക്കാൻ തയ്യാറാണ് എന്നറിയിച്ച വിമാനത്താവളം ആണ് തിരുവനന്തപുരം വിമാനത്താവളം .ഇക്കാര്യത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ല .ബിജെപി കേരള ഘടകത്തിന് പോലും മറിച്ചൊരു അഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല .എന്നിട്ടും എന്തിനു അദാനിക്ക് തിരിവനന്തപുരം വിമാനത്താവളം കൈമാറി ?അതാണ് ചോദ്യം .