അമരാവതി: രാഷ്ട്രീയത്തിന്റെ പിച്ചില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്റെ ഇന്നിങ്‌സിന് അല്‍പായുസ് മാത്രം. ഒന്‍പതു ദിവസം മുന്‍പ് ആന്ധ്രപ്രദേശിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അമ്പാട്ടി റായുഡു, ഒന്‍പതാം ദിവസം പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. കാരണം വ്യക്തമാക്കാതെയാണ് രാജി. രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം ഇടവേളയെടുക്കുകയാണെന്നും റായുഡു എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
”വൈഎസ്ആര്‍സിപി പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാനും രാഷ്ട്രീയത്തില്‍നിന്ന് തല്‍ക്കാലം ഇടവേളയെടുക്കാനും തീരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഭാവി പരിപാടികള്‍ അതതു സമയത്ത് എല്ലാവരെയും അറിയിക്കുന്നതായിരിക്കും. നന്ദി” -എക്‌സ് പ്ലാറ്റ്‌ഫോമിലെ ലഘു കുറിപ്പില്‍ അമ്പാട്ടി റായുഡു വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ വിജയവാഡയിലെ ഓഫിസില്‍ വച്ചായിരുന്നു റായുഡുവിന്റെ പാര്‍ട്ടി പ്രവേശനം. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുന്‍ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. റായിഡു പാര്‍ട്ടിയില്‍ ചേര്‍ന്ന കാര്യം വൈഎസ്ആര്‍സിപി തന്നെയാണ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിച്ചിട്ടുള്ള റായിഡു ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ചും കളത്തിലിറങ്ങിയിട്ടുണ്ട്. 2023ലെ ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം അമ്പാട്ടി റായിഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു.