എന്നാൽ ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ കളി മാറി.കഴിഞ്ഞവർഷത്തെ
ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി വിജയങ്ങൾ ഇക്കാലയളവിൽ ഇന്ത്യ നേടി.2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കുവൈറ്റിനെ വരെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 99 ാം സ്ഥാനത്താണുള്ളത്.
നിലവിൽ AFC ഏഷ്യൻ കപ്പ് 2023-ൽ പങ്കെടുക്കാൻ ദോഹയിൽ ഇന്ത്യ തയ്യാറെടുക്കുമ്പോൾ ഇഗോർ സ്റ്റിമാക്കിനും കൂട്ടർക്കും തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.ഒരു ടീമിനെയും ഇന്ത്യ ഭയപ്പെടുന്നില്ലെന്ന് സ്റ്റിമാക്ക് പറഞ്ഞു.ജനുവരി 13 ന് ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. .ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, സിറിയ, ഉസ്ബെക്കിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയെ നേരിട്ടതിന് ശേഷം ജനുവരി 18ന് ഇന്ത്യ ഉസ്ബെക്കിസ്ഥാനെയും പിന്നീട് ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയയെയും നേരിടും.ടൂർണമെന്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷിംഗ് 1964-ൽ റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തതാണ്.
“ഏഷ്യൻ കപ്പിൽ ഒരു ഗ്രൂപ്പും എളുപ്പമല്ല, ഞങ്ങൾക്ക് ലഭിച്ച ആദ്യ എതിരാളി ഓസ്ട്രേലിയയാണ്, അവർക്ക് ആമുഖം ആവശ്യമില്ല. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ പഠിച്ചത്, എതിർപ്പുകളെ ഒരിക്കലും ഭയക്കേണ്ടതില്ല എന്നതാണ്. നിങ്ങൾ ചെയ്യുന്ന ജോലിയിൽ വിശ്വസിക്കുക, നിങ്ങളുടെ കഴിവിൽ വിശ്വസിക്കുക, പ്രത്യാശയോടെ പോരാടുക,” കളിക്കാരോട് കോച്ച് സ്റ്റിമാക്ക് പറഞ്ഞു.
1998 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ ടീമിലെ അംഗമായ സ്റ്റിമാക്, 2019 ൽ ആണ് ഇന്ത്യൻ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത് ഇക്കാലയളവിൽ രണ്ട് സാഫ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നാല് പ്രധാന കിരീടങ്ങൾ ഇന്ത്യ നേടി.
കഴിഞ്ഞ വർഷം ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ കരുത്തരായ സൗദി അറേബ്യയോട് ക്വാർട്ടറിൽ 0-2 ന് തോറ്റ് പുറത്താകുകയായിരുന്നു.13 വർഷത്തിന് ശേഷമായിരുന്നു ഇന്ത്യ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കളിച്ചത്.
“ഒരു പരിശീലകനെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. പക്ഷേ, എനിക്കും ഖേദമുണ്ട്, കാരണം ഒരു പൂർണ്ണ ശക്തിയുള്ള സ്ക്വാഡുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് അവിടെ ഒരു മെഡൽ നേടാമായിരുന്നു, ”സ്റ്റിമാക് അന്ന് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ തങ്ങളുടെ കളിക്കാരെ വിട്ടയക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് രണ്ടാം നിര ടീമിനെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അന്ന് ചൈനയിലേക്ക് അയച്ചത്.സുനിൽ ഛേത്രി, സന്ദേശ് ജിംഗൻ, ചിംഗ്ലെൻസാന സിംഗ് എന്നിവരായിരുന്നു ഏഷ്യൻ ഗെയിംസ് ടീമിലെ ഇന്ത്യയുടെ മൂന്ന് മുതിർന്ന താരങ്ങൾ !
കഴിഞ്ഞ വർഷം, ഇന്ത്യ ആദ്യമായി എഎഫ്സി ഏഷ്യൻ കപ്പിന്റെ പ്രാഥമിക മത്സരങ്ങളിൽ തുടർച്ചയായ പതിപ്പുകളിൽ വിജയം നേടി ദോഹ എഎഫ്സി കപ്പലിലേക്ക് യോഗ്യതയും നേടി.എന്നാൽ ഇന്ത്യൻ ഫുട്ബോൾ കൂടുതൽ സ്വപ്നം കാണണമെന്നും ഫിഫ ലോകകപ്പിൽ ഇടം നേടാനാണ് ശ്രമിക്കേണ്ടതെന്നും സ്റ്റിമാക് പറഞ്ഞു.
ഇവിടെ മികച്ച ഗ്രൗണ്ടുകളും താരങ്ങളുമുണ്ട്.ബാഹ്യ ഇടപെടലുകൾ ഒന്നുമാത്രമാണ് ഇവിടുത്തെ പ്രശ്നം-സ്റ്റിമാക്ക് കൂട്ടിച്ചേർത്തു
കഴിഞ്ഞ വർഷം കരാർ അവസാനിച്ചെങ്കിലും 2026 വരെ സ്റ്റിമാക്കിന്റെ കരാർ എഐഎഫ്എഫ് പുതുക്കി നൽകിയിട്ടുണ്ട്.