അപരനെ കരുത്തു കൊണ്ടോ മാനസാന്തരത്തിലൂടെയോ പരാജയപ്പെടുത്താം, ഉത്തമം രണ്ടാമത്തെ വഴി
വെളിച്ചം
ആ ദിവസത്തെ നായാട്ടില്‍ അയാള്‍ക്ക് കിട്ടിയത് ഒരു പ്രാവിനെയായിരുന്നു. അയാള്‍ അതിനെ ഒരു കൂട്ടിനകത്താക്കി. പക്ഷേ, അപ്പോഴേക്കും നേരം രാത്രിയായി. രാത്രിയിലെ തണുപ്പ് സഹിക്കാനാകാതെ അയാള്‍ വിറയ്ക്കാന്‍ തുടങ്ങി. അയാളിരുന്ന മരത്തിന് മുകളില്‍ ഒരു പ്രാവ് വന്നിരുന്നു. അത് കൂട്ടിലകപ്പെട്ട കിളിയുടെ ഇണയായിരുന്നു. കൂട്ടിലുള്ള കിളി തന്റെ ഇണയോട് പറഞ്ഞു:
“നമ്മള്‍ ആതിഥ്യമര്യാദയുളളവരാണ് ഇയാള്‍ക്ക് വേണ്ടത് ചെയ്ത്‌കൊടുക്കണം.”
ഇണക്കിളി കുറേ ചുള്ളിക്കമ്പുകള്‍ ശേഖരിച്ചു. അത് കത്തിച്ച് അയാള്‍ തീ കാഞ്ഞു. അപ്പോഴേക്കും ഇണപ്രാവ് കുറേ പഴങ്ങള്‍ കൊത്തികൊണ്ടുവന്ന് അയാള്‍ക്കരികിലേക്ക് ഇട്ടു. വിശപ്പും തണുപ്പും ശമിച്ചപ്പോള്‍ അയാള്‍ കൂട്ടിലെ കിളിയെ തുറന്നുവിട്ടു. മാത്രമല്ല, ഇനിയൊരിക്കലും പക്ഷികളെ പിടിക്കില്ലെന്ന് ശപഥവും ചെയ്തു.
അപമാനിക്കുന്നവരെ പോലും ആദരിക്കുന്നവരെ എങ്ങിനെ തോല്‍പ്പിക്കും …? അപഹാസ്യവാക്കുകള്‍ പറയുമ്പോള്‍ പോലും നിശബ്ദരാകുന്നവരുടെ മുന്നില്‍ എത്ര നേരം പിടിച്ചു നില്‍ക്കും …?
സ്വന്തമായ നിലപാടും നിലവാരവും ഇല്ലാത്തവര്‍ എതിരാളികളുടെ പ്രകോപനങ്ങള്‍ക്കനുസരിച്ചു മാത്രമേ പെരുമാറൂ. ഭീരുക്കളാണ് പ്രതികാര സാധ്യകളെക്കുറിച്ച് ആരായുന്നത്. അന്യനെ നശിപ്പിച്ചാല്‍ മാത്രമേ തനിക്ക് രക്ഷയുള്ളൂവെന്നും അവന്‍ തകര്‍ക്കപ്പെട്ടാല്‍ മാത്രമേ തനിക്കു ജീവിതമുള്ളൂ എന്നും തെറ്റിദ്ധരിക്കുന്നവര്‍ എപ്പോഴും അപരനാശത്തിന്റെ തിരക്കഥാരചനയിലായിരിക്കും. മറ്റുള്ളവരെ കീഴ്‌പ്പെടുത്താന്‍ രണ്ട് മാര്‍ഗ്ഗങ്ങളുണ്ട്. ഒന്നുകിൽ കരുത്തു കൊണ്ടോ ഗൂഡമാർഗങ്ങളിലൂടെയോ കീഴ്‌പ്പെടുത്താം, അല്ലെങ്കില്‍ മാനസാന്തരപ്പെടുത്താം. നിയമമുപയോഗിച്ചോ അധികാരമുപയോഗിച്ചോ ഒരാളെ നിയന്ത്രിച്ചാല്‍ തനിക്കനുകൂലമായ അവസരത്തില്‍ അയാള്‍ സകലശക്തിയും സംഭരിച്ച് പ്രതികരിക്കും. മാനസാന്തരത്തിലേക്ക് നയിച്ചാല്‍ പിന്നീടൊരിക്കലും പഴയതിലേക്ക് അയാള്‍ തിരിച്ചു നടക്കില്ല. എതിര്‍ക്കാതെയും തോല്‍പ്പിക്കാന്‍ നമുക്ക് ശ്രമിക്കാം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ