KeralaNEWS

‘ചെമ്മീന്‍’ ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത തക്കാക്കോ അന്തരിച്ചു

കൊച്ചി: തകഴിയുടെ ചെമ്മീന്‍ ജാപ്പനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ (79) അന്തരിച്ചു. ജപ്പാനിലെ ഇറ്റാമി സ്വദേശിയായിരുന്ന തക്കാക്കോ ഡിഗ്രി സെക്കന്‍ഡ് ഇയറിന് പഠിക്കുമ്പോളാണ് കൂനമ്മാവ് സ്വദേശിയും ജപ്പാനില്‍ മര്‍ച്ചന്റ് നേവിയില്‍ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനുമായിരുന്ന തോമസ് മുല്ലൂരിനെ പരിചയപ്പെടുന്നത്. 1967-ല്‍ ഇരുവരും വിവാഹിതരായി .ബി.എഡ്. എടുത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഓഫീസ് ആയ സിറ്റി ഓഫീസില്‍ റിസപ്ഷനിസ്റ്റായി ജോലിചെയ്യുകയായിരുന്നു തക്കോക്ക അപ്പോള്‍. പിന്നീട് ഇരുവരും കേരളത്തിലെത്തി സ്ഥിരതാമസാക്കി.

കൂനമ്മാവ് സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലെ കന്യാസ്ത്രീയായിരുന്ന ഗ്ലാഡിസാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. അഞ്ചാംക്ലാസിലെ മലയാളം പാഠാവലിവെച്ചാണ് പഠനം തുടങ്ങിയത്. ഭര്‍ത്താവ് തോമസിന്റെ ബന്ധുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ മലയാളം വേഗം പഠിച്ചെടുക്കാനായി. പിന്നീട് എല്ലാ മലയാളം പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി.

Signature-ad

തക്കാക്കോയ്ക്ക് ചെമ്മീന്‍ നോവല്‍ പരിചയപ്പെടുത്തിയത് തോമസ് മുല്ലൂരാണ്. ചെമ്മീന്റെ ഇംഗ്ലീഷ് കോപ്പിയാണ് ആദ്യം നല്‍കിയത്. തുടര്‍ന്നാണ് മലയാളത്തിലുള്ള നോവല്‍ വായിക്കുന്നത്. പുസ്തകം വായിച്ചു തീര്‍ത്തപ്പോള്‍ തന്നെ തന്റെ നാടിനെയത് പരിചയപ്പെടുത്തണമെന്ന ആശ മനസ്സില്‍ ഉദിച്ചു. അങ്ങനെ തകഴിയെ നേരില്‍ കണ്ട് അനുമതി വാങ്ങി. 1976-ല്‍ പരിഭാഷയും പൂര്‍ത്തിയാക്കി. എബി എന്ന പേരില്‍ തയ്യാറാക്കിയ പരിഭാഷ പക്ഷേ, പുസ്തക രൂപത്തില്‍ ഇറക്കണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാനായില്ല.

ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയിലെ നോവലായതുകൊണ്ട് അവിടത്തെ പ്രസാധകര്‍ അതിനെ വേണ്ടപോലെ പരിഗണിച്ചില്ല. പുസ്തകരൂപത്തില്‍ വരുന്നതിന് അത് തടസ്സമായി. തക്കാക്കോയും കുടുംബവുമെല്ലാം അതിനുവേണ്ടി കുറേ ശ്രമിച്ചുനോക്കിയെങ്കിലും ഒന്നും നടന്നില്ല. പിന്നീട് കൂടുതല്‍ പരിശ്രമവും നടത്തിയില്ല. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ അടക്കം 12 കഥകളും തക്കാക്കോ ജാപ്പാനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജപ്പാനില്‍ നിന്നിറങ്ങുന്ന ഇന്ത്യയെക്കുറിച്ചുള്ള മാഗസിനായ ഇന്‍ഡോ തുശിനിലാണ് ഈ കഥകള്‍ അച്ചടിച്ച് വന്നത്.

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഗസ്റ്റ് ലക്ചററായി 16 വര്‍ഷത്തോളം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫോറിന്‍ലാംഗ്വേജില്‍ ജോലിചെയ്തിരുന്നു തക്കാക്കോ. പിന്നീട് ദ്വിഭാഷിയായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ മൂന്നുവര്‍ഷവും ജോലി ചെയ്തു. തോമസ്-തക്കാക്കോ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. ഒരു മകള്‍ കാനഡയിലാണ്. രണ്ടാമത്തെ മകള്‍ കേരളത്തിലും ഇവിടെയുണ്ട്. മകന്‍ മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നത്. 2014 ല്‍ ഒരു ബസ്സപകടത്തെത്തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു തക്കാക്കോ. അപകടത്തെത്തുടര്‍ന്ന് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് സംസാരശേഷി തിരിച്ച്കിട്ടിയത്.

 

 

Back to top button
error: