IndiaNEWS

കോണ്‍ഗ്രസ് കേന്ദ്രീകരിക്കുക 255 മണ്ഡലങ്ങളില്‍; സീറ്റ് വിഭജനചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ച ചെയ്യും

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 255 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളോട് വിട്ടുവീഴ്ച്ച ചെയ്യാനും പാര്‍ട്ടിയില്‍ ധാരണയായി. അതേസമയം, പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് നടത്തുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഇതുവരേയും പുരോഗതി ഉണ്ടായിട്ടില്ല.

2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 421 സീറ്റുകളിലാണ്. വിജയിക്കാനായത് 52 സീറ്റുകളിലും. എന്നാല്‍, ഇത്തവണ 255 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദേശം. എത്ര മണ്ഡലങ്ങളില്‍ മത്സരിക്കണം എന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുമായി ചര്‍ച്ചചെയ്ത ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.

Signature-ad

2019ല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ, ബിഹാറില്‍ ആര്‍.ജെ.ഡി, മഹാരാഷ്ട്രയില്‍ എന്‍.സി.പി, കര്‍ണാടകയില്‍ ജെ.ഡി.എസ്, ഝാര്‍ഖണ്ഡില്‍ ജെ.എം.എം. എന്നീ പാര്‍ട്ടികളുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍, ഇത്തവണ സഖ്യത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളുടെ എണ്ണം കൂടുതലാണ്. അതിനാല്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ പാര്‍ട്ടിക്ക് ചെയ്യേണ്ടിവരും.

ജയസാധ്യത ഒട്ടും ഇല്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 2019-ല്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി 70 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇത്തവണ അരഡസനില്‍ അധികം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സാധ്യതയില്ല.

പശ്ചിമബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണെമന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ബംഗാളില്‍ രണ്ട് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് മമതയുടെ വാഗ്ദാനം. എന്നാല്‍, കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് ആറുസീറ്റുകളാണ്. ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനോട് കാര്യമായ വിട്ടുവീഴ്ച്ച വേണ്ട എന്ന നിലപാടിലാണ് ആം ആദ്മി പാര്‍ട്ടി.

Back to top button
error: