SportsTRENDING

വമ്പൻ ഓഫറുമായി ക്ലബുകൾ രംഗത്ത്,ഹോർമിപാം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചന 

കൊച്ചി: ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലും ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്നുണ്ട്. നിരവധി ക്ലബുകൾ ജനുവരിയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ഈ സീസണിൽ കിരീടത്തിനു വേണ്ടി പൊരുതാനുള്ള പദ്ധതിയിലാണ്.
 അതിനു പുറമെ ചില ക്ലബുകളുടെ പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്തേണ്ടതും അനിവാര്യമായ കാര്യമാണ്.കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്തുകയാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതിനിടയിൽ  ടീമിലെ ഒരു പ്രധാനപ്പെട്ട താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
 പ്രതിരോധനിരയിലെ യുവതാരമായ റുവൈഹ് ഹോർമിപാമിനാണ് മറ്റു ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ വരുന്നത്.അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഹോർമിപാമിനുള്ള അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ തീരെ ഇല്ലാതായിട്ടുണ്ട്. പ്രതിരോധനിരയിൽ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഈ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടുകയും ചെയ്തു.
മിലോസ്, മാർകോ സഖ്യം ഏറ്റവും മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിനായി നടത്തുന്നതിനാൽ തന്നെ ഇനിയുള്ള മത്സരങ്ങളിൽ അവരെത്തന്നെയാകും പരിശീലകൻ പരിഗണിക്കുക. അത് ഹോർമിപാമിന്റെ അവസരങ്ങൾ വീണ്ടും പരിമിതപ്പെടുത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതുകൊണ്ടു തന്നെ താരം ജനുവരിയിൽ ക്ലബ് വിടാൻ തീരുമാനിച്ചാൽ അതിൽ ആശ്ചര്യപ്പെടാൻ കഴിയില്ല.
നിലവിൽ മുംബൈ സിറ്റി ഉൾപ്പെടെ ഏതാനും ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്രതീക്ഷ ടീമിന്റെ ഇപ്പോഴത്തെ ഫോമിലാണ്. മികച്ച പ്രകടനം നടത്തി കുതിക്കുന്ന ടീം ഈ സീസണിൽ കിരീടപ്രതീക്ഷ നൽകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ടീം വിട്ടുപോകാൻ ഹോർമിപാം ഒരുങ്ങില്ലെന്നാണ് എല്ലാവരും കരുതുന്നത്.

Back to top button
error: