തിരുവനന്തപുരം: രണ്ടു റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ നേമം റെയില്‍വേ സ്റ്റേഷന്റെയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്റെയും പേര് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. തുടര്‍ നടപടികളുടെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കി.
നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോര്‍ത്ത് എന്നാക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ ആലോചനകള്‍ നടന്നിരുന്നു.
റെയില്‍വേ ബോര്‍ഡ് അടക്കം പേര് മാറ്റുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അനുമതി നല്‍കി കൊണ്ടാണ് ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ഇനി ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.