തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്റെ ലക്ഷ്യം തന്നെ അഴിമതി ഇല്ലാതാക്കുകയാണ്. എല്ലാവിധ ചോര്‍ച്ചകളും അടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കും. വരവ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനൊടൊപ്പം ചെലവില്‍ വലിയ നിയന്ത്രണം കൊണ്ടുവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
”ഒരു പൈസ പോലും കെഎസ്ആര്‍ടിസിയില്‍ നിന്ന് ചോര്‍ന്നുപോകാത്ത വിധമുള്ള നടപടികള്‍ സ്വീകരിക്കും. നമ്മള്‍ ചോര്‍ച്ച അടയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ തീര്‍ച്ചയായും നമ്മുടെ കൂടെ നില്‍ക്കും. തൊഴിലാളിക്ക് ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ചോര്‍ച്ച അടയ്ക്കുന്നതോടെ നീക്കിയിരിപ്പ് വര്‍ധിക്കും”- ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.