CrimeNEWS

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തവും രണ്ടുലക്ഷം പിഴയും

കൊല്ലം: സി.പി.എം. എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്ത(54)നെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പവിത്രേശ്വരം കൈതക്കോട് എരുതനങ്ങാട് ചരുവിള പുത്തന്‍വീട്ടില്‍ സുനില്‍കുമാറി(53)ന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്.

2018 ഡിസംബര്‍ 29-ന് ഉച്ചയ്ക്ക് 1.30-നാണ് കേസിനാസ്പദമായ സംഭവം. പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ സ്ലിപ്പ് വിതരണത്തിനായി ബൈക്കില്‍ പോയ പവിത്രേശ്വരം കൈതക്കോട് പൊയ്കവിളവീട്ടില്‍ ദേവദത്തനെ റോഡില്‍ തടഞ്ഞുനിര്‍ത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്റ്റേഷനിലെ അബ്കാരി കേസില്‍ ഒളിവിലായിരുന്ന സുനില്‍കുമാറിനെ എഴുകോണ്‍ പോലീസ് മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈസമയം ഇയാള്‍ എഴുകോണിലുണ്ടെന്ന് തിരുവല്ല പോലീസില്‍ അറിയിച്ചെന്ന വിരോധത്തിലാണ് ദേവദത്തനെ കൊലപ്പെടുത്തിയത്.

Signature-ad

പിഴത്തുകയായി ലഭിക്കുന്ന രണ്ടുലക്ഷം ദേവദത്തന്റെ ഭാര്യ പി.കുമാരിക്ക് നല്‍കാനും കോടതി ഉത്തരവായി. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം. എഴുകോണ്‍ എസ്.ഐ. ആയിരുന്ന ബാബു കുറുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ ഗോപകുമാര്‍, ബിനുകുമാര്‍, ബി.അനില്‍ എന്നിവരാണ് തുടരമ്പേഷണം നടത്തിയത്.

 

 

Back to top button
error: