റിയാദ്: സൗദി അറേബ്യയില്‍ മരിച്ച മലയാളി അലക്സ് മാത്യുവിന്റെ (44) അവയവങ്ങള്‍ ദാനംചെയ്തു. നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ദമാം കിങ് ഫഹദ് ആശുപത്രിയില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം എംബാം ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
പത്തനംതിട്ട റാന്നി സ്വദേശിയാണ് അലക്സ് മാത്യു. കിഴക്കന്‍ സൗദിയിലെ ജുബൈലില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അല്‍ നാജം അല്‍ താക്കിബ് കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്. കഴിഞ്ഞ ഒരു മാസമായി ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം ജുബൈല്‍ അല്‍മന ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ദമാം കിങ് ഫഹദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരണപ്പെട്ടത്.
കുടുംബത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ സഹായകമായത്. കുടുംബാംഗങ്ങള്‍ രേഖാമൂലം സമ്മതമറിയിച്ചത് പ്രകാരം അലക്സ് മാത്യു ജോലിചെയ്തിരുന്ന കമ്പനിയിലെ അധികൃതര്‍ ആശുപത്രിയുമായും സൗദി ആരോഗ്യ വകുപ്പുമായും ചേര്‍ന്ന്് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. അലക്സ് മാത്യു വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരില്‍ തുടിക്കും.
ഷീബ ആണ് മരിച്ച അലക്സ് മാത്യുവിന്റെ ഭാര്യ. അബെന്‍, അലന്‍ എന്നിവരാണ് മക്കള്‍. അമ്മ: റേച്ചല്‍ മാത്യു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ബന്ധുവും കമ്പനി മാനേജരുമായ ജോര്‍ജ് തോമസ്, കമ്പനി പ്രതിനിധി അഖീല്‍ എന്നിവര്‍ സഹായങ്ങള്‍ നല്‍കിവരുന്നു.