CrimeNEWS

വൈഗ കൊലക്കേസില്‍ പിതാവ് കുറ്റക്കാരന്‍; ശിക്ഷാവിധിയില്‍ ഉച്ചയ്ക്കുശേഷം വാദം

കൊച്ചി: കുപ്രസിദ്ധമായ വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. ശിക്ഷാവിധിയില്‍ വാദം ഉച്ചക്കു ശേഷം നടക്കും. 13 വയസായ വൈഗയെ ശീതളപാനീയത്തില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി സനു മോഹന്‍ മുട്ടാര്‍ പുഴയിലെറിഞ്ഞെന്നാണ് കേസ്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

2021 മാര്‍ച്ചിലാണ് സനുമോഹനെയും മകളായ വൈഗയെയും കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹന്‍ വൈഗയുമായി ഇറങ്ങിയത്.

Signature-ad

മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനുമോഹനും പുഴയില്‍ ചാടി ആത്മഹത്യ ചെയ്‌തെന്ന ധാരണയില്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന സനു മോഹന്‍ മകളെ കൊന്ന് നാട് വിട്ടതായി പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ ഒരു മാസത്തിന് ശേഷം കര്‍ണാടകയിലെ കാര്‍വാറില്‍ വെച്ചാണ് സനുമോഹന്‍ പിടിയിലാകുന്നത്.

സംഭവം നടന്ന് 81-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുള്ള കുറ്റപത്രത്തില്‍ 300 പേരുടെ സാക്ഷി മൊഴികളാണുള്ളത്. ഇതില്‍ 97 പേരെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു. വിചാരണ വേളയില്‍ അതി വൈകാരികമായി പ്രതികരിച്ച സനുമോഹന്‍ കുറ്റം കോടതിയില്‍ തുറന്ന് സമ്മതിച്ചു. വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണ് വൈഗ മരിച്ചതെന്ന കണ്ടെത്തിയ ഡോക്ടറാണ് പ്രധാന സാക്ഷി.

കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ മദ്യം നല്‍കുക, തെളിവ് നശിപ്പിക്കുക, എന്നി വകുപ്പുകള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സനുവിന്റെ ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ ബിഹാറില്‍ നിന്നും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങള്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചു. 134 തൊണ്ടിമുതലുകളും 34 രേഖകളും തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വിചാരണ വേളയില്‍ സാക്ഷികളാരും കൂറുമാറാത്തതും പ്രോസിക്യൂഷന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

Back to top button
error: