CrimeNEWS

കാനഡയില്‍ മെഡിക്കല്‍ ജോലി വാഗ്ദാനം: യുവതിയില്‍നിന്ന് 18 ലക്ഷം തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

വയനാട്: വിദേശത്തു മെഡിക്കല്‍ കോഡിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു 18 ലക്ഷത്തോളം രൂപ തട്ടിയ വിദേശ പൗരനെ പിടികൂടി. ബംഗളൂരുവില്‍ ഡിജെ പ്രോഗ്രാമറായി ജോലി ചെയ്യുന്ന നൈജീരിയ സ്വദേശി മോസസി(30)നെയാണ് കല്‍പറ്റ സൈബര്‍ പൊലീസ് സംഘം ബെംഗളൂരു മര്‍ഗോവന ഹള്ളിയില്‍ നിന്നു പിടികൂടിയത്.

കല്‍പറ്റ സ്വദേശിനിയായ യുവതി ജോലി ആവശ്യത്തിന് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒക്ടോബറില്‍ പ്രതി തട്ടിപ്പു നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പഥം സിങ് പറഞ്ഞു.

Signature-ad

വീസ ഉറപ്പുനല്‍കിയ പ്രതി കാനഡയിലേക്കുള്ള വിമാന ടിക്കറ്റ് അടക്കം ലഭ്യമാക്കിയാണ് യുവതിയുടെ വിശ്വാസം ആര്‍ജിച്ചത്. പലപ്പോഴായി 17 ലക്ഷത്തിലധികം രൂപ ബാങ്ക് അക്കൗണ്ടില്‍ കൈപ്പറ്റിയ പ്രതി കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് പന്തികേട് തോന്നിയത്. പിന്നീടു നടത്തിയ പരിശോധനയില്‍, പ്രതി ജോലിയുമായി ബന്ധപ്പെട്ടു ലഭ്യമാക്കിയ രേഖകള്‍ വ്യാജമാണെന്നു ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

പ്രതി ഉദ്യോഗാര്‍ഥിക്ക് വാട്‌സാപ് സന്ദേശം അയയ്ക്കുന്നതിനുപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്താനായതാണ് നിര്‍ണായകമായത്. പ്രതി ബംഗളൂരുവിലുണ്ടെന്നു സ്ഥിരീകരിച്ച് അവിടെ എത്തിയ പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. 2 ലാപ്‌ടോപ്പുകള്‍, 4 മൊബൈല്‍ ഫോണുകള്‍, 15 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. തട്ടിയെടുത്ത തുകയില്‍ 11.6 ലക്ഷം രൂപ പ്രതി നൈജീരിയയിലെ അക്കൗണ്ടിലേക്കും 6 ലക്ഷം രൂപ ഇന്ത്യന്‍ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി.

 

 

Back to top button
error: