KeralaNEWS

പത്തനംതിട്ട – കോയമ്പത്തൂര്‍ റൂട്ടിലേക്ക് വീണ്ടും ‘റോബിന്‍’, ബസ് വിട്ടുകിട്ടിയാല്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ്

പത്തനംതിട്ട: ബസ് വിട്ടുകിട്ടിയാല്‍ വൈകാതെ തന്നെ പത്തനംതിട്ട – കോയമ്പത്തൂര്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷ്. പത്തനംതിട്ടയിലെ പോലീസ് ക്യാംപിലുള്ള ബസ് വിട്ടുകിട്ടണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി എത്തേണ്ടതുണ്ട്. എന്നാല്‍ അതിന് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ബസ് സര്‍വീസ് അനുവദിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും ബേബി ഗിരീഷ് പറഞ്ഞു.

ബസ് വിട്ടുകൊടുക്കണമെന്ന് ഈ മാസം 20ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പത്തനംതിട്ട എസ്എച്ച്ഒയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞത്. അതനുസരിച്ച് എസ്എച്ച്ഒയെ സമീപിച്ചപ്പോള്‍ തങ്ങളെ ഒന്നും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്നാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതെന്നും ബേബി ഗിരീഷ് വ്യക്തമാക്കി.

Signature-ad

പത്തനംതിട്ടയിലെ പോലീസ് ക്യാംപിലുള്ള ബസ് ഇറക്കണമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി എത്തേണ്ടതുണ്ട്. വാഹനം ഇന്ന് വിട്ടുകിട്ടിയാല്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. സര്‍വീസ് അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പുള്ളത്. എവിടെ വരെ പോകുമെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയെ താന്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും നിയമത്തില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. സര്‍വീസ് പുനരാരംഭിച്ചാലും പിടികൂടുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരുള്ളത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുന്നതുവരെ ബസ് സര്‍വീസ് നടത്തും. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നിയമം ഉണ്ടാക്കിയത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്. ഹൈക്കോടതി വിധി തനിക്ക് എതിരാണെങ്കില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും ബേബി ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഉടമയ്ക്ക് വിട്ടുനല്‍കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. നിയമലംഘനത്തിനു ചുമത്തിയ പിഴയായ 82,000 രൂപ അടച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവുണ്ടായത്. പിഴ ഒടുക്കിയാല്‍ ബസ് വിട്ടുനല്‍കണമെന്ന ഹൈക്കോടതി ഉത്തരവും പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം.

 

Back to top button
error: