കണ്ണൂര്‍: നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നല്‍കണമെന്നു ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ അപേക്ഷ. സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് അപേക്ഷ നല്‍കിയത്. ബസ് വിട്ടു നല്‍കണമെന്നു ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ടി സാംരംഗ് കെഎസ്ആര്‍ടിസി എംഡിക്ക് അപേക്ഷ നല്‍കി.
ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലില്‍ നടക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് യാത്ര ചെയ്യാന്‍ 28 മുതല്‍ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നല്‍കണമെന്നു അപേക്ഷയില്‍ പറയുന്നു. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിലുണ്ട്.
അതേസമയം, കാനം രാജേന്ദ്രന്‍ മരിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പൂര്‍ത്തിയായശേഷമാവും നവകേരള ബസ് കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറുക. കഴിഞ്ഞ ദിവസം നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിലായിരുന്നു. 36 ദിവസം യാത്രയ്ക്കുപയോഗിച്ച നവകേരള ബസ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി.