തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള വാഹനത്തിന് നേരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാറിനെതിരെയാണ് കേസ്. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ അംഗരക്ഷകരായ അനില്‍കുമാറിനെയും സന്ദീപിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് സുരക്ഷാ ഉദ്യോദസ്ഥര്‍ നിയമം മറികടന്നു മര്‍ദിച്ചതെന്ന വാദം പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. മര്‍ദനമേറ്റ കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യൂവല്‍ കുര്യാക്കോസ് എന്നിവര്‍ നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് കോടതി നിര്‍ദേശം.
ഈ മാസം 15നായിരുന്നു ആലപ്പുഴയില്‍ നവകേരള പര്യടനം. ഇതിനിടയില്‍ പ്രതിഷേധപ്രകടനവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും അംഗരക്ഷകനുമടക്കം പൊതിരെ തല്ലുന്ന അവസ്ഥയുണ്ടായി. അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലയിലടക്കം സാരമായി പരിക്കേറ്റു. സംഭവത്തില്‍ കേസ് കൊടുത്തിരുന്നെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്നാണ് എ.ഡി തോമസ്, അജയ് ജ്യുവല്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.