KeralaNEWS

‘രക്ഷാപ്രവര്‍ത്തനം’ സര്‍ക്കാരിന് ബാധ്യതയായി; നവകേരളസദസിന്റെ നവഊര്‍ജത്തില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: എല്‍ഡിഎഫിനു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ച നവകേരള സദസ്സ് അവസാനിക്കുമ്പോള്‍ പ്രതിപക്ഷം ഊര്‍ജം വീണ്ടെടുത്തു. സര്‍ക്കാര്‍ പ്രചരിപ്പിക്കാനുദ്ദേശിച്ച അവകാശവാദങ്ങളെ അരികിലാക്കി, കരിങ്കൊടി പ്രതിഷേധവും പൊലീസിന്റെയും ഡിവൈഎഫ്‌ഐയുടെയും അക്രമവും പ്രധാന ചര്‍ച്ചയാക്കുന്നതില്‍ പ്രതിപക്ഷത്തിനു വിജയിക്കാനായി. 36 ദിവസം സദസ്സ് നടത്തിയതു സര്‍ക്കാരാണെങ്കിലും മൂന്നാം ദിനം തൊട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പോലും അജന്‍ഡ നിശ്ചയിച്ചതു പ്രതിപക്ഷമാണെന്നു പറയാം.

നവകേരള സദസ്സ് ബഹിഷ്‌കരിച്ചത് രാഷ്ട്രീയമായി ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. അവസാന ദിവസങ്ങളിലെ സമരങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചെന്നും നവകേരളാ സദസ്സിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ തുടര്‍ന്നുകൊണ്ടുപോകാനാണ് പാര്‍ട്ടി തീരുമാനം.

Signature-ad

ധൂര്‍ത്തും ആഡംബര ബസും മാത്രമായിരുന്നു സദസ്സ് തുടങ്ങുന്നതിനു മുന്‍പു പ്രതിപക്ഷത്തിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങള്‍. നിയമസഭാ മണ്ഡലങ്ങളില്‍ കുറ്റവിചാരണാ സദസ്സ് നടത്തി ബദല്‍ പ്രചാരണം എന്നതായിരുന്നു അവരുടെ പദ്ധതി. എന്നാല്‍, കണ്ണൂര്‍ കല്യാശ്ശേരിയില്‍ പ്രകോപനമില്ലാതെ പൊലീസ് പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതോടെയാണു കരിങ്കൊടി കയ്യിലെടുത്തത്.

കരിങ്കൊടിക്കാരെ ഡിവൈഎഫ്‌ഐക്കാര്‍ കായികമായി നേരിട്ടതോടെ തുടര്‍പ്രതിഷേധമായി. ഡിവൈഎഫ്‌ഐ നടത്തിയതു ‘രക്ഷാപ്രവര്‍ത്തനം’ ആണെന്നു ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ആ പ്രയോഗം ഒടുവില്‍ ബാധ്യതയായി. വാവിട്ട വാക്കിനെ തള്ളിപ്പറയാതിരുന്നതോടെ ഡിവൈഎഫ്‌ഐക്ക് അടിക്കാനുള്ള ലൈസന്‍സായി. വഴി നീളെ അടി കൊണ്ടിട്ടും ഓരോ കേന്ദ്രത്തിലും പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം മികച്ച പോരാട്ടവീര്യമാണു പ്രകടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസിനു താഴേത്തട്ടുമുതലും കോണ്‍ഗ്രസിനു മണ്ഡലം, ബ്ലോക്ക് തലങ്ങളിലും പുതിയ നേതൃത്വമുണ്ടായതു പ്രഹരശേഷി കൂട്ടി.

കോണ്‍ഗ്രസും പോഷക സംഘടനകളും ചേര്‍ന്നു 4 ദിവസത്തെ ഇടവേളയില്‍ തലസ്ഥാനത്തു 3 വമ്പന്‍ പ്രതിഷേധ മാര്‍ച്ചുകളാണു സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനെ മുന്നില്‍നിന്നു നയിച്ച് വി.ഡി.സതീശന്‍ തെരുവിലിറങ്ങിയതും കെഎസ്‌യു മാര്‍ച്ചിനിടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്ക് പൊലീസിന്റെ അടിയേറ്റതുമെല്ലാം പ്രവര്‍ത്തകരില്‍ ആവേശം നിലനിര്‍ത്തി.

ഡിജിപി ഓഫീസ് മാര്‍ച്ചിനെ പൊലീസ് നേരിട്ട രീതിയില്‍ കടുത്ത അമര്‍ഷം സംസ്ഥാന വ്യാപകമായുണ്ട്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ആശുപത്രിയില്‍ കയറ്റിയ പൊലീസിനെതിരെയുള്ള വികാരം സര്‍ക്കാരിനുനേര്‍ക്കുള്ള തുടര്‍സമരങ്ങളായി മാറ്റും. ഇതിന് ഇന്നലെ ചേര്‍ന്ന കെപിസിസി നേതൃയോഗം തീരുമാനമെടുത്തിട്ടുണ്ട്.

Back to top button
error: