ന്യൂഡല്‍ഹി: തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖറിനെതിരേ ഡല്‍ഹി കോടതിയെ സമീപിച്ച് നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ സന്ദേശങ്ങളയച്ചും മാധ്യമങ്ങള്‍ക്ക് കത്തുകളയച്ചും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നാണ് നടിയുടെ പരാതി. സുകേഷിന്റെ അനാവശ്യമായ ഇത്തരം പ്രവൃത്തികളില്‍നിന്ന് തനിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നടി ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കോടതി നടപടികളില്‍ പങ്കെടുക്കുന്നതിനിടെയും സുകേഷ് തനിക്ക് സന്ദേശങ്ങള്‍ അയച്ചതായാണ് നടിയുടെ ആരോപണം. ജൂലായ് 18-ാം തീയതി താന്‍ ഓണ്‍ലൈന്‍ വഴി കോടതി നടപടികളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇതേ കോടതി നടപടികളിലുണ്ടായിരുന്ന സുകേഷ് ശബ്ദസന്ദേശം അടക്കം അയച്ചത്. ഈ സന്ദേശങ്ങളെല്ലാം തീര്‍ത്തും അനുചിതമായിരുന്നു. അയാളുടെ സന്ദേശങ്ങളോട് താന്‍ പ്രതികരിച്ചില്ല. ഇതിനുപുറമേ മാധ്യമങ്ങള്‍ക്ക് മനഃപൂര്‍വം കത്തുകളയച്ചും സുകേഷ് ഭീഷണിപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ ആരോപിച്ചു.
സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍നിന്ന് ജാക്വിലിനെ സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ക്ക് കത്തുകളയക്കാറുണ്ടെന്ന് ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയെ അറിയിച്ചു. നടിക്ക് ശല്യമാകുന്നതിനൊപ്പം ഇത്തരം കത്തുകള്‍ അവരുടെ സാമൂഹിക, പ്രൊഫഷണല്‍ രംഗത്തെകൂടി ബാധിക്കുമെന്നും പോലീസ് പറഞ്ഞിരുന്നു. അതേസമയം, നടിയുടെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുപ്രസിദ്ധ തട്ടിപ്പുകാരന് സുകേഷ് ചന്ദ്രശേഖര്‍, ഭാര്യയും മലയാളം നടിയുമായ ലീന മരിയപോള്‍ തുടങ്ങിയവര്‍ പ്രതികളായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് ജാക്വിലിനെയും പ്രതിചേര്‍ത്തിരുന്നത്. സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സുകേഷില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ജാക്വിലിന് കൈപ്പറ്റിയെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. തുടര്‍ന്നാണ് ജാക്വിലിനെയും ഇ.ഡി. കേസില്‍ പ്രതിചേര്‍ത്തത്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു.