ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ക്രിസ്മസിനും പിന്നാലെ ആരംഭിക്കുന്ന തിരുനാള്‍ സീസണുകളിലെ വെടിക്കെട്ടിന്റെയും പണം പാവങ്ങള്‍ക്കായി മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.
ആരാധനാലയങ്ങളില്‍ നിയന്ത്രണത്തോടെയുള്ള വെടിക്കെട്ടിന് അനുമതിയുണ്ടെങ്കിലും വെടിക്കോപ്പുകള്‍ക്കുള്ള ആ പണം ജീവകാരുണ്യപ്രവൃത്തികള്ക്ക്, പ്രത്യേകിച്ച് ഭവനരഹിത വ്യക്തിക്ക് വീട് നിര്മിച്ചുനല്കാന് ഉപയോഗിച്ചാല്‍ അത് ശ്രേഷ്ഠമായ തിരുനാള്‍ ആഘോഷമാകുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ ദൈവാലയങ്ങളില്‍ പടക്കം പൊട്ടിക്കണമെന്ന് വിശുദ്ധ പുസ്തകങ്ങളില്‍ പറയുന്നില്ല എന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവലിന്റെ പരാമര്‍ശവും സര്‍ക്കുലറില്‍ ചേര്‍ത്തിട്ടുണ്ട്.
289,559 വിശ്വാസികളുള്ള തലശ്ശേരി അതിരൂപതയ്ക്ക് കീഴില്‍ 198 ഇടവകകളും 75 കുരിശുപള്ളികളും 314 ചാപ്പലുകളുമുണ്ട്. 50,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപവരെ ചെലവുള്ള വെടിക്കെട്ടാണ് തിരുനാളിന് ഇവിടങ്ങളില്‍ നടത്താറുള്ളത്. ഈ തുക മാറ്റിവെച്ചാല്‍ ഒട്ടേറെപ്പേര്‍ക്ക് സുരക്ഷിതമായി കയറിക്കിടക്കാന്‍ വീടുണ്ടാക്കാം എന്നും അദ്ദേഹം പറയുന്നു.