KeralaNEWS

എസ്എഫ്ഐയുടെ കനത്ത പ്രതിഷേധം; ഗസ്റ്റ് ഹൗസിൽ തങ്ങാതെ തിരുവനന്തപുരത്തേക്ക് മടങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്  ഖാൻ  

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ക്യാമ്ബസുകളില്‍ നിരവധി ബാനറുകള്‍ ഉയര്‍ത്തി എസ്‌എഫ്‌ഐ. ബാനര്‍ എഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചാണ് എസ്‌എഫ്‌ഐ മഹാരാജാസ് യൂണിറ്റ് ഗവർണർക്കെതിരെ പ്രതിഷേധം തീർത്തത്.

ചാൻസലര്‍ രാജാവല്ല, മനുസ്മൃതി ഭരണഘടനയല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബാനറുകളില്‍ എഴുതിയിരുന്നത്. അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്‌എഫ്‌ഐ പ്രതിഷേധം തുടരുന്നതിനിടെ,  സെമിനാറില്‍ പങ്കെടുത്ത് നേരെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങി.

നേരത്തെ സെമിനാറില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിൽ തങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും  അപ്രതീക്ഷിതമായി  ഗവര്‍ണര്‍ നേരെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ ക്യാമ്ബസില്‍ പ്രതിഷേധം തുടര്‍ന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ദേശീയപാതയിലേക്ക് മാര്‍ച്ചും നടത്തി.

Signature-ad

എസ്എഫ്ഐ പ്രതിഷേധം ശക്തമായതോടെയാണ്  മുന്‍ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി ഗവര്‍ണര്‍ നേരത്തെ മടങ്ങിയതെന്നാണ് സൂചന. അതേസമയം, നേരത്തെ പോകാന്‍ നിശ്ചയിച്ചിരുന്ന വിമാനം ഇല്ലാത്തതിനാലാണ് ഗവർണറുടെ യാത്ര നേരത്തെയാക്കിയതെന്നാണ് രാജ്ഭവന്‍ അധികൃതര്‍ നൽകുന്ന വിശദീകരണം.

ഇതിനിടെ കോഴിക്കോട് നിന്ന്  എത്തിയ ഗവര്‍ണര്‍ക്ക് തിരുവനന്തപുരത്തും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. വിമാനത്താവളം മുതല്‍ രാജ്ഭവന്‍ വരെയുള്ള വഴിയില്‍ ഇന്നലെ രാത്രി അഞ്ചിടത്താണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.

തിരുവനന്തപുരത്ത് എത്തിയയുടനെ മാധ്യമ പ്രവര്‍ത്തകരുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊമ്ബ് കോർക്കുകയും ചെയ്തു. വസ്തുതകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഗവര്‍ണര്‍ ചോദ്യങ്ങളോട് ക്ഷുഭിതനായത്. പിന്നാലെ രാജ്ഭവനിലേക്ക് നീങ്ങിയ ഗവര്‍ണര്‍ക്ക് നേരെ ചാക്ക ഐടിഐ, പള്ളിമുക്ക്, ജനറല്‍ ഹോസ്പിറ്റല്‍ ജംങ്ഷന്‍, എകെ ജി സെന്‍റ് , പാളയം എന്നിവിടങ്ങളിലെല്ലാം എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിച്ചു.

മാനവീയം ഭാഗത്ത് എസ്.എഫ്.ഐക്കാര്‍ തമ്ബ് അടിച്ചിരുന്നെങ്കിലും മറ്റൊരു വഴിയിലൂടെ ഗവര്‍ണര്‍ രാജ്ഭവനിലെത്തി.

Back to top button
error: