തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥിരം ജീവനക്കാരെ അനധികൃതമായി പിരിച്ചുവിടാന്‍ ശ്രമമെന്നു പരാതി. സര്‍വകലാശാല പ്രസ്സിലെ ആറ് സ്ഥിരം ജീവനക്കാരെയാണ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ജീവനക്കാരുടെ സ്ഥാനക്കയറ്റം പരിഗണിക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ വിചിത്രനീക്കം.
2012ല്‍ ജോലിക്ക് കയറിയ അജിത്ത് കുമാര്‍ സി.ടി, ശ്യാം കുമാര്‍ സി, ബിജു പി, മാര്‍ട്ടിന്‍ എന്‍.ജെ, അബ്ദുള്‍ കരീം എന്‍, മുരളീധരന്‍ എം.കെ എന്നീ ജീവനക്കാരെയാണ് സര്‍വകലാശാല യോഗ്യതയില്ല എന്ന് കാണിച്ച് പുറത്താക്കാന്‍ തീരുമാനിച്ചത്. കേരള ഗവണ്‍ന്മെന്റ് ടെക്‌നിക്കല്‍ എജുക്കേഷന്‍ പരീക്ഷ പാസ്സായവര്‍ക്കും തത്തുല്യ യോഗ്യത ഉള്ളവര്‍ക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
തത്തുല്യ യോഗ്യതയായ എം.ജി.ടി.ഇ പാസായ ഈ ആറുപേര്‍ക്കും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കവെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടു. തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് തുല്യത അനുവദിക്കുകയും ചെയ്തു. ഇത് സര്‍വകലാശാലയില്‍ സമര്‍പിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റിന് മുന്‍കാല പ്രാബല്യം വേണമെന്നായി അടുത്ത ആവശ്യം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് മുന്‍കാല പ്രാബല്യം അനുവദിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസ മന്ത്രി അത് വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണു സര്‍വകലാശാലയുടെ നീക്കം. നടപടിക്ക് മുന്നോടിയായി വിഷയം കോടതിയെ ധരിപ്പിക്കുന്നതിന് സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സിന്‍ഡിക്കേറ്റ്.