പാലക്കാട്: നഗരസഭാധ്യക്ഷ പ്രിയാ അജയന്‍ രാജിവെച്ചു. സംസ്ഥാനത്ത് ബി.ജെ.പി. ഭരിക്കുന്ന രണ്ടു നഗരസഭകളിലൊന്നായ പാലക്കാട്ടെ അധ്യക്ഷയുടെ രാജി വ്യക്തിപരമെന്ന് പാര്‍ട്ടി ജില്ലാനേതൃത്വം പറയുന്നുണ്ടെങ്കിലും ഭരണകക്ഷിയിലെ പടലപ്പിണക്കമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് കെ.എം. ഹരിദാസിനൊപ്പം നഗരസഭാ കാര്യാലയത്തിലെത്തിയാണ്, പ്രിയാ അജയന്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെക്കാന്‍ മൂന്നുമാസം മുമ്പേ പ്രിയാ അജയന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരുന്നെന്ന് കെ.എം. ഹരിദാസ് പറഞ്ഞു. അതംഗീകരിക്കുകയായിരുന്നു. പുതിയ അധ്യക്ഷ ആരായിരിക്കണമെന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുപോകാനാവില്ലെന്ന് നേരത്തേ അറിയിച്ചിരുന്നതായി പ്രിയാ അജയന്‍ പറഞ്ഞു. ”അവിചാരിതമായാണ് രാഷ്ട്രീയ പ്രവര്‍ത്തകയാവുന്നത്. പൊതുപ്രവര്‍ത്തനത്തില്‍ മികവുതെളിയിക്കാന്‍ ഇനിയും കാലമുണ്ടല്ലോ”-അവര്‍ പറഞ്ഞു.
52 അംഗ സഭയില്‍ 28 പേരുടെ ബലവുമായാണ്, പാലക്കാട് നഗരത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടിയത്. ഇത്തവണ അധ്യക്ഷസ്ഥാനം വനിതാസംവരണമായിരുന്നു. മുന്‍ അധ്യക്ഷ പ്രമീളാ ശശിധരനെ ഒഴിവാക്കി പ്രിയാ അജയനെ കൊണ്ടുവന്നത് ആര്‍.എസ്.എസിന്റെകൂടി നിര്‍ദേശപ്രകാരമാണ്. ഭരണകക്ഷിക്കുള്ളില്‍ അന്നുതുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നത്.
പാലക്കാട്ടെ പാര്‍ട്ടിപ്പോര്, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏതുതരത്തില്‍ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട് മണ്ഡലത്തിലെ ശക്തികേന്ദ്രമാണ് നഗരസഭാപ്രദേശം.
നഗരസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവര്‍ഷവും രണ്ടുദിവസവും പിന്നിട്ടപ്പോഴാണ് പാലക്കാട് നഗരസഭാധ്യക്ഷ പ്രിയ അജയന്റെ രാജി. തീര്‍ത്തും അപ്രതീക്ഷിതമെന്നൊന്നും വിശേഷിപ്പിക്കാനാവില്ല ഈ തീരുമാനം. ”പ്രിയ അജയന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാലക്കാട് നഗരസഭാധ്യക്ഷ സ്ഥാനമൊഴിയാനുള്ള സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചിരുന്നു. പ്രസ്തുതവിഷയം പാര്‍ട്ടി വിശദമായി പരിശോധിക്കുകയും ആയതിനുള്ള അനുമതി പാര്‍ട്ടി നല്‍കിയിട്ടുള്ള വിവരം ഇതിനാല്‍ അറിയിക്കുന്നു.” എന്ന രണ്ടുവാചകങ്ങളുള്ള പത്രക്കുറിപ്പിലൂടെയാണ് ബി.ജെ.പി. വിവരം മാധ്യമങ്ങളെ അറിയിച്ചത്.