NEWSWorld

‘ദാവൂദ് ഇബ്രാഹിം മരിച്ചിട്ടില്ല, ആരോഗ്യവാനായിരിക്കുന്നു, പ്രചരിക്കുന്നത് വ്യാജ വാർത്തകൾ’  സഹായി ഛോട്ട ഷക്കീൽ ഉറപ്പിച്ചു പറയുന്നു

      ‘‘ദാവൂദ് ജീവനോടെയുണ്ട്, ആരോഗ്യവാനായി തന്നെ. ഈ കള്ളപ്രചരണം കണ്ട് ഞാൻ തന്നെ അദ്ഭുതപ്പെട്ടുപോയി. ഇന്നലെയും  പല തവണ ഞങ്ങൾ നേരിൽ കണ്ടിരുന്നു’’

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന അഭ്യൂഹങ്ങൾ തള്ളി അടുത്ത സഹായി ഛോട്ട ഷക്കീൽ. ദാവൂദ് ജീവനോടെയുണ്ടെന്നും പൂർണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീൽ  പറഞ്ഞു.

Signature-ad

വിഷബാധയേറ്റതിനെ തുടർന്ന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്താനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിച്ചു എന്നും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാന്നെന്നും ഇന്നലെ അന്തർദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആശുപത്രിയും പരിസരവും കനത്ത സുരക്ഷയിലാണ് എന്നുമായിരുന്നു വാർത്തകൾ.

ആശുപത്രിയുടെ ഒരു നില ദാവൂദിന് വേണ്ടി മാത്രം നീക്കിവച്ചിരിക്കുന്നു എന്നും ഉന്നത അധികൃതരെയും അടുത്ത കുടുംബാംഗങ്ങളെയും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ദാവൂദ് മരിച്ചു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. പാക്കിസ്ഥാന്റെ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന എക്സ് അക്കൗണ്ടിലെ കുറിപ്പിന്റെ സ്ക്രീൻഷോട്ടാണ് ഇതിൽ പ്രധാനം:
‘‘പാക്കിസ്ഥാലിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായ ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.’’ എന്നാണ് അൻവർ ഉൾ ഹഖ് കാക്കറിന്റേത് എന്നു പ്രചരിച്ച സ്ക്രീൻഷോട്ടിൽപറയുന്നത്. എന്നാൽ ഈ ‘വൈറൽ’ സ്ക്രീൻഷോട്ട് വ്യാജമാണെന്ന്  റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച ഏറെക്കുറെ പൂർണമായും പാക്കിസ്ഥാനിൽ ഇന്റർനെറ്റ് നിശ്ചലമായതിന്, ദാവൂദിന്റെ ആശുപത്രി വാസവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും ചോദ്യം ഉയർന്നിരുന്നു. ദാവൂദ് ഇബ്രാഹിം അന്തരിച്ചു എന്നതുൾപ്പെടെയുള്ളവ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് നിശ്ചലമായത് എന്നതിനാലാണ് ഇങ്ങനെയൊരു ചോദ്യം ഉയർന്നത്.

എന്നാൽ പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിർച്വൽ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റർനെറ്റ് തടസമെന്നാണ് അധികൃതരുടെ വാദം.

ഇതിനിടെ ദാവൂദിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്റലിജൻസ് വ‍ൃത്തങ്ങളും രംഗത്തുവന്നു.

Back to top button
error: