KeralaNEWS

കനത്തമഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137.5 അടിയായി, അണക്കെട്ട് നാളെ രാവിലെ തുറക്കും

   കുമിളി:  ഇടുക്കിജില്ലയിലും ജില്ലയോട് ചേര്‍ന്നുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാന്‍ തീരുമാനമായി. നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് ഷട്ടര്‍ തുറക്കും. സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ഘനയടി ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അറിയിപ്പ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. അതിശക്ത മഴയില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെയാണ് മുല്ലപ്പെരിയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. .

Signature-ad

ജലനിരപ്പ് 137.5 അടിയില്‍ എത്തി, ഇതോടെ സെക്കന്റില്‍ പരമാവധി 10000 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇന്ന് (18.12.2023) രാവിലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയര്‍ന്നിരുന്നു. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. നാളെയും ഇടുക്കിക്ക് പുറമേ പത്തനംതിട്ടയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: