കൊച്ചി: സാഹസിക വിനോദസഞ്ചാര റിസോര്‍ട്ടിലെ സുരക്ഷാ വീഴ്ച കാരണം രണ്ടു മക്കളും മരിക്കാന്‍ ഇടയായ കേസില്‍ മാതാപിതാക്കള്‍ക്ക് 1.99 കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. മഹാരാഷ്ട്രയിലെ പുനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിനോടാണ് നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടത്.
കോടതി ചെലവിനത്തില്‍ 20,000 രൂപയും അധികം നല്‍കണം. തുക രണ്ടും കൈമാറാന്‍ ഒരുമാസത്തെ സാവകാശമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് അനുവദിച്ചത്.
എറണാകുളം ആമ്പല്ലൂര്‍ സ്വദേശികളായ പി.വി പ്രകാശന്, ഭാര്യ വനജ എന്നിവരുടെ ഹര്‍ജിയിലാണു ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവ്. 2019ല്‍ ഉപഭോക്തൃ തര്‍ക്കപരിഹാര നിയമം പുതുക്കിയ ശേഷം കമ്മീഷന് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്.
2020 ഒക്ടോബറിലാണ് സംഭവം. ഹര്‍ജിക്കാരുടെ മക്കളായ മിഥുന് (30), നിതിന്‍ (24) എന്നിവര്‍ പുനെയിലെ കരന്തിവാലി അഡ്വഞ്ചര്‍ ആന്‍ഡ് അഗ്രോ ടൂറിസം റിസോര്‍ട്ടിലാണ് മരിച്ചത്. വിനോദങ്ങള്‍ക്കിടയില്‍ ഇരുവരും കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. മക്കളെ വളരെ ചെറിയ പ്രായത്തില്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയ്ക്കു നഷ്ടപരിഹാര തുക പരിഹാരമല്ലെങ്കിലും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനാണു പിഴ ചുമത്തുന്നതെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും പരിചയസമ്പന്നരായ ലൈഫ് ഗാര്‍ഡുകളെയും ഗൈഡുകളെയും നിയോഗിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തിയതാണു അപകടകാരണമെന്ന ഹര്‍ജിക്കാരുടെ വാദം കമ്മീഷന് അംഗീകരിച്ചു.പുനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉത്തരവ്.