അഞ്ച് മണിക്കൂര്‍ കായല്‍ യാത്ര, നാടൻ ഭക്ഷണവും കാഴ്ചകളും; ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട്’
സംസ്ഥാന ഗജലഗതാഗത വകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന സീ അഷ്ടമുടി ബോട്ട് യാത്ര ഏറ്റവും ചുരുങ്ങിയ ചെലവില്‍ അഷ്ടമുടി കായലും മറ്റ് അനുബന്ധ ജലാശയങ്ങളും കാണാൻ സാധാരണക്കാരായ യാത്രക്കാരെ സഹായിക്കുന്ന ഒന്നാണ്.
എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് കൊല്ലം ബോട്ട് ജെട്ടിയില് നിന്നും ബോട്ട് യാത്ര ആരംഭിക്കും. ഇവിടുന്ന് അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ബോട്ട് ജെട്ടി വഴി കോയിവിളയിലെത്തും തുടര്‍ന്ന് കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്കത്തുരുത്തു വഴി പ്രാക്കുളം സാമ്ബ്രാണിക്കൊടിയിലെത്തും.
സാബ്രാണിക്കൊടിയില്‍ ഒരു മണിക്കൂര്‍ സമയം സഞ്ചാരികള്‍ക്ക് ചെലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഷ്ടമുടി കായലിന്‍റെ നടുവിലെ തുരുത്തായ സാമ്ബ്രാണിക്കൊടി പ്രാക്കുളത്തിന്റെ തെക്കേയറ്റത്താണുള്ളത്. ഈ തുരുത്തില്‍ അരയ്ക്കൊപ്പം വെള്ളത്തിലിറങ്ങി നില്‍ക്കാനും നീന്താനും സാധിക്കും.കായലിനു നടുവിലെ ഈ ഇടം കുറച്ചു നാളുകളായതേയുള്ളൂ യാത്രാ പട്ടികയില്‍ ഇടം നേടിയിട്ട്.തിരികെ നാലരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതുപോലെ അഷ്ടമുടി കായലിന്‍റെ കാഴ്ചകള്‍ മാത്രമല്ല, യാത്രയില്‍ വിശക്കുമ്ബോള്‍ കരിമീൻ ഉള്‍പ്പെടെ രുചികരമായ ഉച്ചഭക്ഷണവും ബോട്ടിൽ ലഭിക്കും. മീൻ കറി കൂട്ടി കുടുംബശ്രീ ഒരുക്കുന്ന ഊണിന് വെറും 100 രൂപ മാത്രമേ നല്കേണ്ടതുള്ളൂ. സ്നാക്സും യാത്രയില്‍ ലഭിക്കും.
ഡബിള്‍ ഡെക്കർ ബോട്ടില്‍ 90 പേര്‍ക്കാണ് യാത്ര ചെയ്യാൻ സാധിക്കുക. താഴത്തെ ഡെക്കില്‍ 60 സീറ്റുകളും, മുകളില്‍ 30. സീറ്റുകളുമുണ്ട്. താഴത്തെ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും മുകളില്‍ 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സീ അഷ്ടമുടി യാത്രയെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ക്കും , ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9400050390 എന്ന നമ്ബരില്‍ ബന്ധപ്പെടാം.