KeralaNEWS

പരുമല ഉപദേശിക്കടവ് പാലം പൂർത്തിയാകുന്നു

തിരുവല്ല: പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് പരുമല ഉപദേശിക്കടവ് പാലം പൂർത്തിയാകുന്നു. പാലത്തിന്റെ അവസാന വട്ട പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സമീപനപാതയുടെ നിർമാണവും നടക്കുന്നുണ്ട്.
മൂന്നു വർഷം മുൻപാണ് പാലത്തിന്റെ  പണികൾ  തുടങ്ങിയത്. പാലത്തിൽ നിന്നു ചെങ്ങന്നൂർ – പരുമല റോഡിലെ തിക്കപ്പുഴയിലേക്കാണ് റോഡ് എത്തുന്നത്. വളവുകൾ ഉള്ളതിനാൽ വലിയ വാഹനങ്ങൾക്ക് ഇതുവഴി പോകാൻ ബുദ്ധിമുട്ടായിരുന്നു.നിലവിൽ ആറര മീറ്ററായിരുന്നു വീതി.ഇതിന് പരിഹാരമായി പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് 8 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ നിർമിക്കുകയായിരുന്നു.
കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം, പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാനദിയിലാണ് പാലം. സംസ്ഥാന ബജറ്റിൽ 25 കോടി രൂപ അനുവദിച്ച് 2020 സെപ്റ്റംബർ 17നാണ് പണി തുടങ്ങിയത്. പാലം നിർമിച്ചത് 13 സ്പാനുകളിൽ ഫ്ലൈഓവർ മോഡലിലാണ്. വളഞ്ഞവട്ടം ഭാഗത്ത് 7 സ്പാനുകളും നദിയിൽ 3 സ്പാനുകളും പരുമല ഭാഗത്ത് 3 സ്പാനുകളുമാണ്. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്.15 വാർഡുകളുള്ള കടപ്ര പഞ്ചായത്തിലെ 5 മുതൽ 9 വരെയുള്ള വാർഡുകൾ പമ്പാനദിയുടെ ഒരു കരയിലും ബാക്കി 10 വാർഡുകൾ മറുകരയിലുമാണ്. 5 വാർഡുകളിലുള്ളവർ ഇപ്പോൾ ആലപ്പുഴ ജില്ലയിലെ മാന്നാർ വഴി വേണം കടപ്രയിൽ എത്താൻ.
പാലം പൂർത്തിയാകുന്നതോടെ കുറ്റൂർ, പ്രാവിൻകൂട്, കല്ലുങ്കൽ, വെൺപാല, തുകലശേരി പ്രദേശത്തുനിന്ന് ടൗണിലെ തിരക്കിൽപ്പെടാതെ വേഗത്തിൽ പരുമലയിലെത്താവുന്ന വഴിയായി ഇത് മാറും. 5 കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. ഇവിടെ നിന്നുള്ളവർക്ക് തിരുവല്ല നഗരവുമായി വേഗത്തിൽ ബന്ധപ്പെടാനുമാകും.പരുമലയിൽ നിന്ന് ഉപദേശിക്കടവ് വഴി ആലംതുരുത്തിയിൽ എത്താൻ 4 കിലോമീറ്റർ ലാഭമുണ്ടാകും. ഇരമല്ലിക്കര പാലം വഴി തിരുവല്ലയിൽ എത്താൻ 3 കിലോമീറ്റർ കുറവു മതി. പരുമല കടവിലെ തിരക്കും ഒഴിവാകും.

Back to top button
error: