അതിജീവനത്തിന്റെ മന്ത്രം: ‘പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം’
വെളിച്ചം
ഗുരുവും ശിഷ്യനും മലഞ്ചെരുവിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ശിഷ്യന്‍ കാലുതെന്നി താഴേക്ക് പതിച്ചു. പാതിവഴിയില്‍ ഒരു മുളം കമ്പില്‍ അവന് പിടുത്തംകിട്ടി. മുള മുഴുവനായി വളഞ്ഞെങ്കിലും അത് ഒടിഞ്ഞില്ല. ഓടിയെത്തിയ ഗുരു അവനെ പിടിച്ചുകയററി.
തിരിച്ചുളള യാത്രയില്‍ ഗുരു ശിഷ്യനോട് ചോദിച്ചു:
“ആ മുള നിന്നോട് പറഞ്ഞത് കേട്ടുവോ നീ…?”
ഒന്നും മനസ്സിലാകാതെ തന്നെ നോക്കിയ ശിഷ്യനോടായി ഗുരു തുടർന്നു:
“മുള മുഴുവനായിട്ടും വളഞ്ഞിട്ടും അത് നിന്നെ വീഴാതെ കാത്തു. മെയ് വഴക്കമാണ് അതിജീവനത്തിന്റെ ആദ്യപാഠം…”
ശിഷ്യൻ വിനയാന്വിതനായി ശിരസ്സു കുലുക്കി.
“വേരോടെ പിഴുതെറിയുന്ന സാഹചര്യങ്ങളെ എതിര്‍ത്തു തോല്‍പിക്കാനാകില്ല. പ്രതിരോധിക്കാനായില്ലെങ്കില്‍ വഴങ്ങിക്കൊടുക്കണം. കാറ്റിന്റെ ശക്തിക്കുമുമ്പില്‍ ഒരു മുളങ്കമ്പും തലയുയര്‍ത്തി നില്‍ക്കാറില്ല. തലകുനിച്ച് അവ കാറ്റിനെ തട്ടിയകറ്റും. ഇളകിമറിഞ്ഞ് താളം കണ്ടെത്തും.”
ഏത് അനര്‍ത്ഥത്തിനും സമയപരിധിയുണ്ട്. അല്‍പനേരം മാത്രം നീണ്ടുനില്‍ക്കുന്ന വിഷമഘട്ടങ്ങളോട് പുലര്‍ത്തുന്ന സമീപനമാണ് ജീവിതമെന്ന ദീര്‍ഘദൂരയാത്രയുടെ മികവും ഭാഗധേയവും തീരുമാനിക്കുന്നത്. എന്തായിരുന്നുവോ, അതിലേക്കുളള തിരിച്ചുവരവാകണം ഓരോ ആപല്‍ഘട്ടത്തേയും നേരിടുമ്പോഴുളള നമ്മുടെ ലക്ഷ്യം. ആ ഘട്ടത്തിന് അനുസരിച്ച് പ്രതികരണശൈലിയും മനോഭാവങ്ങളും രൂപപ്പെടുത്താന്‍ സാധിക്കണം.
ഇതാകട്ടെ അതിജീവനത്തിന്റെ തന്ത്രവും മന്ത്രവും.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപു കുമാർ