പത്തനംതിട്ട: മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പു വിജയത്തെ തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും തിരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനുമായ ചേരിക്കുന്നേല്‍ സദാശിവന്‍നായരുടെ വീടിനും റേഷന്‍ കടയ്ക്കും നേരേ പടക്കമെറിഞ്ഞതായി പരാതി. ബുധന്‍ രാത്രി പത്തരയോടെയാണു സംഭവം. സംഭവത്തില്‍ സദാശിവന്‍നായരുടെ ഭാര്യയും റേഷന്‍കട ലൈസന്‍സിയുമായ പുഷ്പകുമാരി ആറന്മുള പൊലീസില്‍ പരാതി നല്‍കി.
ഇവരുടെ വീടിനു 50 മീറ്റര്‍ അകലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിനു മുന്‍പില്‍ രാത്രി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഇതില്‍ നേരിട്ടറിയാവുന്ന 2 എല്‍ഡിഎഫ് പ്രവര്‍ത്തകരാണു പടക്കം എറിഞ്ഞതെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു മുന്‍പില്‍ പടക്കം പൊട്ടിച്ചപ്പോള്‍ തെറിച്ചു വീടിനു സമീപം വീണതാണെന്നാണ് അധികൃതരുടെ പക്ഷം.
വീടിനു മുന്‍പിലുള്ള റേഷന്‍കടയുടെ മുന്‍പിലായി മണ്ണെണ്ണ സൂക്ഷിച്ചിരുന്ന ഇടത്താണ് 2 പടക്കം വീണു പൊട്ടിയത്. മണ്ണെണ്ണയ്ക്കു തീപിടിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കടയുടെ പുറകിലുള്ള വീടിനു മുന്‍പിലും പടക്കം വീണു. ആറന്മുള സിഐ സി.കെ.മനോജിന്റെ നേതൃത്വത്തില്‍ രാത്രി സ്ഥലത്തെത്തി പരിശോധന നടത്തി.