KeralaNEWS

ഹാദിയ തടങ്കലില്‍ അല്ല, പുനര്‍വിവാഹിതയായി തിരുവനന്തപുത്ത് താമസിക്കുന്നു; അച്ഛന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കിയ മത പരിവര്‍ത്തന കേസില്‍, ഡോ. ഹാദിയയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹര്‍ജിയില്‍ നേരത്തെ കോടതി പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം ആരാഞ്ഞിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്. ഹാദിയ പുനര്‍ വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. താന്‍ തടങ്കലില്‍ അല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കി. ജസ്റ്റിസുമാരായ അനു ശിവരാമന്‍, സി പ്രതീപ് കുമാര്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Signature-ad

മകളെ കാണാനില്ലെന്നും അവളുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനും അയാളുമായി ബന്ധമുള്ള ചിലരും അനധികൃതമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നുമാണ് അശോകന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കുങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ നിലയിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹാദിയയും ജഹാനും തമ്മിലുള്ള വിവാഹം കടലാസില്‍ മാത്രമാണെന്നും യഥാര്‍ത്ഥ വൈവാഹിക ബന്ധമില്ലെന്നും ഹര്‍ജിയില്‍ അശോകന്‍ വാദിച്ചു. മെഡിസിന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഹാദിയ ആരംഭിച്ച ഹോമിയോപ്പതി ക്ലിനിക്ക് എപ്പോഴോ പൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഹാദിയ മാനസികമായും ശാരീരികമായും രോഗിയാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ആരോപിച്ചു. ചില വാര്‍ത്തകള്‍ അനുസരിച്ച്, ഹാദിയ ഷഫീന്‍ ജഹാനില്‍ നിന്നും വിവാഹമോചനം നേടുകയും ഇപ്പോള്‍ വീണ്ടും വിവാഹിതയായെന്നുമാണ് അറിയാന്‍ കഴിഞ്ഞതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ഹര്‍ജിയിലെ ആരോപണങ്ങള്‍ നിഷേധിച്ചു ഹാദിയ രംഗത്തുവന്നിരുന്നു. ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരം വീണ്ടും വിവാഹിതയായെന്നുമാണ് ഹാദിയ പറഞ്ഞത്.

 

Back to top button
error: