കോട്ടയം: നവകേരള സദസ്സ് വേദിയില്‍ കോട്ടയം എം.പി തോമസ് ചാഴികാടന്‍ എം.പിയെ മുഖ്യമന്ത്രി തിരുത്തിയതില്‍ കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കേരളാ കോണ്‍ഗ്രസ് പ്രതികരിക്കാത്തത് കീഴടങ്ങലാണെന്ന പ്രതിപക്ഷ വിമര്‍ശനവും കേരള കോണ്‍ഗ്രസ് അണികളെ അസ്വസ്ഥരാക്കുന്നു.
തോമസ് ചാഴികാടനെ തിരുത്തിയ മുഖ്യമന്ത്രിയുടെ വാക്കുകളാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ അതൃപ്തിക്ക് കാരണം. പാലായിലെ നവകേരള സദസ്സ് വേദിയില്‍ തോമസ് ചാഴികാടന്റെ പ്രസംഗത്തില്‍ റബ്ബര്‍ വില തകര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ പരാതി അറിയിക്കാനുള്ള വേദിയല്ല ഇതൊന്നും എം.പിക്ക് ഇക്കാര്യം ബോധ്യപ്പെടാത്തത് നിര്‍ഭാഗ്യകരമായി പോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്വന്തം തട്ടകത്തില്‍ വച്ച് പാര്‍ട്ടി എംപിക്ക് നേരെ ഉണ്ടായ മുഖ്യമന്ത്രിയുടെ പ്രതികരണം പാര്‍ട്ടിക്ക് മുഖത്തേറ്റ അടിയായി. കേരളാ കോണ്‍ഗ്രസിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നടപടി എന്നാണ് പ്രവര്‍ത്തകരുടെ പ്രതികരണം.
പാര്‍ട്ടിയുടെ സൈബര്‍ ഗ്രൂപ്പുകളില്‍ ചാഴികാടനെ പിന്തുണച്ചും മുഖ്യമന്ത്രിയെ വിമര്‍ശിച്ചും വ്യാപകമായ പോസ്റ്റുകള്‍ വന്നു. യുഡിഎഫില്‍ സമ്മര്‍ദ്ദശക്തിയായി നിലകൊണ്ട കേരള കോണ്‍ഗ്രസ് എം എല്‍.ഡി.എഫില്‍ വന്നതോടെ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിയന്ത്രണത്തില്‍ ആണെന്ന് വിമര്‍ശനവും ശക്തമാണ്. ഇതിനിടെ കേരള കോണ്‍ഗ്രസിന്റെ അതൃപ്തി രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കം യു.ഡി.എഫ് തുടങ്ങി. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍്‌റും അടക്കം ചാഴികാടന്‍ അപമാനിതനായിയെന്ന പ്രതികരണവുമായി രംഗത്തുവന്നു. സര്‍ക്കാര്‍ പരിപാടിയില്‍ ഉണ്ടായ മോശം പരാമര്‍ശം ചൂണ്ടിക്കാണിച്ചു ലോക്‌സഭാ സ്പീക്കര്‍ക്ക് ചാഴികാടന്‍ പരാതി നല്‍കണമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.
എന്നാല്‍, നവകേരള സദസ്സ് പുരോഗമിക്കുന്നതിനാലും ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ നടപടിയില്‍ കേരള കോണ്‍ഗ്രസ് ശക്തമായ പ്രതികരണം നടത്താന്‍ ഇടയില്ല.