കോഴിക്കോട്: എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക്. നേരത്തെ കോഴിക്കോട്ടെ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു ഗവര്‍ണറുടെ പരിപാടി. എന്നാല്‍ എസ്എഫ്‌ഐ കരിങ്കൊടി കാട്ടിയതില്‍ പ്രകോപിതനായ ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ത്തന്നെ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇത്തരമൊരു തീരുമാനമെടുത്തതോടെ വെട്ടിലായത് പോലീസും സര്‍വ്വകലാശാലാ അധികൃതരുമാണ്.
സുരക്ഷാ പാളിച്ചയുണ്ടാകാതിരിക്കാന്‍ അതീവശ്രദ്ധയാണ് പൊലീസ് വെക്കുന്നത്. കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ അടക്കമുള്ളവര്‍ക്കായിരിക്കും സുരക്ഷാ ചുമതല. ആറ് സിഐമാരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ മുന്നൂറോളം പൊലീസുകാരെ സര്‍വ്വകലാശാലയില്‍ മാത്രം നിയോഗിക്കും. അതെസമയം എസ്എഫ്‌ഐ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എസ്എഫ്‌ഐ വിചാരിച്ചാല്‍ ഗവര്‍ര്‍ണര്‍ ഒരു സര്‍വ്വകലാശാലയിലും കേറില്ല എന്ന തരത്തിലായിരുന്നു സംഘടനയുടെ ഭാഗത്തു നിന്ന് കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രതികരണം. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ കാമ്പസ്സിലെ ഗവര്‍ണറുടെ സന്ദര്‍ശന ദിവസങ്ങളില്‍ എസ്എഫ്‌ഐ എന്തെങ്കിലും വിചാരിക്കുന്നതായി ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഗസ്റ്റ് ഹൗസിലേക്ക് മാറിയതിനു പിന്നില്‍ മനപ്പൂര്‍വ്വമായ പ്രകോപനമാണ് ഉദ്ദേശ്യമെന്ന വിലയിരുത്തല്‍ എസ്എഫ്‌ഐ നേതൃത്വത്തിനുണ്ട്. ഇക്കാരണത്താല്‍ തന്നെ ഗവര്‍ണറുടെ ആഗ്രഹത്തിനനുസരിച്ച് പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് സംഘടനയുടെ നേതൃത്വമെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
‘ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ എത്തുന്നത്.
എസ്എഫ്‌ഐ കരിങ്കൊടി കാട്ടിയ സംഭവം ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധങ്ങളില്‍ സാധാരണ ചുമത്താറുള്ള വകുപ്പുകളല്ല വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ അക്രമത്തിനുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ബന്ധം പിടിച്ചതോടെ പൊലീസ് വെട്ടിലായി.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടക്കുകയാണെങ്കില്‍ അത് പൊലീസിന് പ്രശ്‌നമായിത്തീരും. കൂടാതെ ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് വിടുന്നതു പോലെയുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് പ്രതീക്ഷിക്കണം. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ നിലപാടെടുക്കുമോ എന്നാണ് അറിയാനുള്ളത്.