വാണ്ടറേഴ്സ്: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ സെഞ്ചുറിയുടെയും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചു. 55 പന്തില്‍ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് 56 പന്തില്‍ 100 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 41 പന്തില്‍ 60 റണ്‍സെടുത്തു.
ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സൂര്യകുമാറിന്‍റെ നാലാം ടി20 സെഞ്ചുറി. യശസ്വി ജയ്‌സ്വാള്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി. തുടക്കത്തില്‍ തകര്‍ത്തടിച്ച ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 2.1 ഓവറില്‍ 29 റണ്‍സിലെത്തിച്ചു. എന്നാല്‍ കേശവ് മഹാരാജിന്‍റെ പന്തില്‍ അമ്പയറുടെ തെറ്റായ എല്‍ബിഡബ്ല്യു തീരുമാനത്തില്‍ ഗില്‍(12) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. യശസ്വിയോട് ചോദിച്ച് റിവ്യു എടുക്കാതെ ഗില്‍ മടങ്ങി. എന്നാല്‍ റീപ്ലേകളില്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുമെന്ന് വ്യക്തമായി. തൊട്ടടുത്ത പന്തില്‍ വണ്‍ ഡൗണായി എത്തിയ തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതോടെ ഇന്ത്യ ഞെട്ടി.
എന്നാല്‍ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ പതുക്കെ തുടങ്ങി തകര്‍ത്തടിച്ചു. യശസ്വി മികച്ച പങ്കാളിയായപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 പന്തില്‍ 112 റണ്‍സടിച്ചു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ജയ്സ്വാള്‍ 41 പന്തില്‍ 60 റണ്‍സുമായി പതിനാലാം ഓവറില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 141ല്‍ എത്തിയിരുന്നു.
പിന്നീട് തകര്‍ത്തടിച്ച സൂര്യ ഇന്ത്യയെ 200 കടത്തി. റിങ്കു സിംഗ്(10 പന്തില് 14) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. ജിതേഷ് ശര്‍മ(4), രവീന്ദ്ര ജഡേജ(4) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജും ലിസാര്‍ഡ് വില്യംസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.