ചെന്നൈ: സിനിമാ-സീരിയല്‍ നടന് രാഹുല്‍ രവിക്കെതിരെ ചെന്നൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുല്‍ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാര്‍ട്മെന്റില്‍ നിന്ന് ലക്ഷ്മി കണ്ടിരുന്നെന്നും പോലീസ് പറയുന്നു.
മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു.
പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകള്‍ ഒന്നടങ്കം ഇരുവരും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവാഹം നടന്നതിന്റെ യാതൊരു ചിത്രങ്ങളോ പോസ്റ്റുകളോ ഇരുവരുടെയും അക്കൗണ്ടുകളില്‍ ഇല്ലാതിരുന്നതാണ് ആരാധകരില്‍ സംശയം കൂട്ടിയതും. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ പ്രചരിച്ചതും.
മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന് എന്നീ സിനിമകളിലും രാഹുല്‍ അഭിനയിച്ചിട്ടുണ്ട്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലില്‍ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയൊട്ടാകെ രാഹുല്‍ ശ്രദ്ധേയനായി.