തൃശൂര്‍: ചാലക്കുടിയില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് ആനമല ജംഗ്ഷനു സമീപത്തെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിനു പിറകിലെ ഗോവണി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കൊലപാതകമെന്ന് സൂചന നല്‍കിയത്. ശ്വാസം മുട്ടിക്കുകയും തലയില്‍ കല്ലുപോലെ എന്തോ ഉപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. രക്തം ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പലഭാഗത്തും പരിക്കേറ്റ നിലയിലായിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയ സെയ്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സെയ്തിനോടൊപ്പം അന്ന് വൈകിട്ടുണ്ടായിരുന്ന ചിലരെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.