‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തു ടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്‘- മല്ലികാർജ്ജുൻ ഖാർഗെ
കോഴിക്കോട്: ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സർക്കാരെന്നും നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോഴിക്കോട് യുഡിഎഫ് റാലിയിൽ സംസാരിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചത്.
ഞങ്ങൾക്കൊരു മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തിൽ പറയുന്നത്. നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കവർന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവർക്ക് സി.ജെ.പി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാർഥികളെ നിർത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയർ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ ജനങ്ങളുടെ താൽപര്യത്തിനല്ലാതെ ബിജെപിയുടെ താൽപര്യത്തിന് വേണ്ടിയാണ് സി പി എം നിൽക്കുന്നത്. ഈ നാടിന്റെ ഐക്യം തകർക്കപ്പെടണമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. അതിനൊപ്പം സിപിഎമ്മും നിൽക്കുന്നു. പോളിങ്ങ് ബൂത്തിലെത്തുന്ന വോട്ടർമാർ വർഗീയതയ്ക്കെതിരെ വോട്ട് ചെയ്യണം, അതിനെ പുൽകുന്നവരെ തോൽപ്പിക്കണം. കോട്ടിട്ട നേതാവ് വർഷാവർഷം 2 കോടി തൊഴിലവസരം വാഗ്ദാനം ചെയ്യുന്ന പോലെയാണ് മുണ്ടിട്ട നേതാവ് 46 ലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. രണ്ട് പേരും നുണ പറയുകയാണ് എവിടെയാണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു.
യോഗ്യതയുള്ളവന് ജോലിയില്ല. പകരം കൊടിപിടിക്കുന്നവനും മന്ത്രി ബന്ധുവിനുമാണ് ജോലി. വോട്ട് ചെയ്യുന്നതിന് മുമ്പെ ഇതെല്ലാം ഓർക്കണം. കേരളത്തിൽ മെസ്സിയെ കൊണ്ട് വരുമെന്ന് പറഞ്ഞ് നടന്നവർ തള്ളി മറയ്ക്കൽ മാത്രം നടത്തി. ഇതാണ് എല്ലാ കാര്യത്തിലും അവസ്ഥ. ഇന്ദിരാഗ്യാരണ്ടി പോലുള്ള പദ്ധതി നടപ്പിലാക്കി 3000 രൂപ പെൻഷൻ അനുവദിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 25 ലക്ഷം രൂപവരെയുഉള ചികിത്സാ സഹായം ഉമ്മൻ ചാണ്ടിയുടെ പേരിൽ നൽകും, വയോധികർക്കായി പ്രത്യേകം വകുപ്പ് രൂപവൽക്കരിക്കും, സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.


