നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിക്കുന്നു. ഈമാസം 21ന് കേസിൽ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചത്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിനെ തുടർന്നാണ് വിചാരണ പുനരാരംഭിക്കുന്നത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി 19ന് വീണ്ടും പരിഗണിക്കും. ബന്ധപ്പെട്ട ഹർജികളും അതേ ദിവസം തന്നെയാണ് പരിഗണിക്കുന്നത്.
അതേസമയം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗികമായി മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. എന്നാൽ കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.