പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ല എന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യുമെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നയം ലോകമൊട്ടാകെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി.
ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം മെയ് 15വരെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കില്ല എന്ന് കമ്പനി പറയുന്നു. തെറ്റിദ്ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും നീക്കാൻ നടപടി ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ല എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം പരിശോധിക്കാൻ ഇന്ത്യൻ പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.