KeralaNEWS

ദര്‍ശനം കിട്ടാതെ തീര്‍ഥാടകര്‍ പന്തളത്ത് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുന്നു; തിരക്ക് നിയന്ത്രിക്കേണ്ട പോലീസ് നവകേരള സദസിനൊപ്പം

പത്തനംതിട്ട: ശബരിമല ദര്‍ശനം കിട്ടാതെ തീര്‍ഥാടകര്‍ പന്തളത്തുനിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മടങ്ങുന്നത്. ദര്‍ശനം കിട്ടാതെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. 810 മണിക്കൂറോളം വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാന്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്. തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവര്‍ കൂടിയെത്തുന്നതോടെ തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ആയിരക്കണക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസ് മാത്രമാണുള്ളതെന്ന് ആക്ഷേപമുണ്ട്. ശബരിമലയില്‍ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിര്‍ന്ന പൊലീസുകാരുള്‍പ്പെടെ ആരെയും ഇക്കുറി സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നതാണ് വീഴ്ചയെന്നാണു കരുതുന്നത്. പ്രതിദിനം 80,000 തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാരാണ്. ഇതില്‍ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റില്‍ സേവനത്തിനുള്ളത് 615 പേര്‍ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോള്‍ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ ഇടുക്കിയില്‍ നവകേരള സദസ്സിനു സുരക്ഷയൊരുക്കാനുണ്ടായിരുന്നത് 2250 പൊലീസുകാരാണ്. എറണാകുളത്ത് 2200 പേരും. മുന്‍വര്‍ഷങ്ങളില്‍ തിരക്കു കൂടുന്നതിനുസരിച്ചു കെഎപി ക്യാംപുകളില്‍നിന്നു കൂടുതല്‍ പൊലീസുകാരെ എത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ല.

Signature-ad

കഴിഞ്ഞവര്‍ഷം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അറുപതിനായിരത്തോളം പേരാണ് എത്തുന്നത്. എന്നിട്ടും പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് ആക്ഷേപം. അന്ന് ഒരു ലക്ഷത്തോളം പേര്‍ എത്തിയിട്ടും തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതാണ് തിരക്കിനു കാരണമെന്നും ആക്ഷേപമുണ്ട്.

അതേസമയം, ശബരിമല പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഓണ്‍ലൈനായി പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, ഡിജിപി തുടങ്ങിയവരും പങ്കെടുക്കും. അതിനിടെ, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഇന്നു പമ്പ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: