KeralaNEWS

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക നിയമനത്തില്‍ തിരിമറി; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപക തസ്തിക നിയമനത്തില്‍ സര്‍ക്കാര്‍ തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍. 639 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കാനുള്ള ഉത്തരവ് ഇറക്കിയത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പി.ടി.എ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെ.ഇ.ആര്‍ ഭേദഗതി അനുസരിച്ച് മറ്റു ഭാഷാ വിഷയങ്ങളെ പോലെ ഇംഗ്ലീഷിനും പ്രത്യേകം തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് 2018ലാണ് വിവിധ പി.ടി.എ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 2021ല്‍ 639 ഇംഗ്ലീഷ് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് കോടതി ഉത്തരവിട്ടു. 2022-23 അക്കാദമിക വര്‍ഷം തസ്തിക സൃഷ്ടിക്കാമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇത് കോടതി അലക്ഷ്യമായി വന്നപ്പോള്‍ 2023-24 കാലയളവില്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കി.

Signature-ad

എന്നാല്‍, അന്തിമവിധിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് 639 താല്‍ക്കാലിക തസ്തികകള്‍ രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉണ്ടാകുന്നത്. ഇതോടെ നിയമനം കാത്തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായി. ഹൈക്കോടതി വിധി അട്ടിമറിച്ച് താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

14 ജില്ലകളിലും ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക്പട്ടിക നിലവിലുണ്ട്. അവയിലാകെ 1,416 ഉദ്യോഗാര്‍ത്ഥികളാണ് നിയമനം പ്രതീക്ഷിച്ചിരിക്കുന്നത്. എന്നാല്‍, ഇതുവരെ നിയമനശിപാര്‍ശ ലഭിച്ചതാകട്ടെ 45 പേര്‍ക്ക് മാത്രം. മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒരാള്‍ക്കുപോലും നിയമനശിപാര്‍ശ ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: