KeralaNEWS

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: മണിക്കൂറുകളോളം പമ്പാ പാതയില്‍ തടഞ്ഞിട്ടിരുന്ന ശബരിമല തീര്‍ഥാടക വാഹനത്തിലെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട് പെരുമ്പാളൂര്‍ സ്വദേശി പെരിയസ്വാമി (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുനാടിന് സമീപം കൂനംകരയിലായിരുന്നു ഇവരുടെ വാഹനം.

തിരക്ക് കാരണം മണിക്കൂറുകളോളം പമ്പാ പാതയില്‍ വാഹനം തടഞ്ഞിട്ടതോടെ, പുറത്തിറങ്ങിയ ഇദ്ദേഹത്തിന് അസ്വസ്ഥയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ പെരുനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Signature-ad

അതേസമയം, ആയിരക്കണക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസ് മാത്രമാണുള്ളതെന്ന് ആക്ഷേപമുണ്ട്. ശബരിമലയില്‍ തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള മുതിര്‍ന്ന പൊലീസുകാരുള്‍പ്പെടെ ആരെയും ഇക്കുറി സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലെന്നതാണ് വീഴ്ചയെന്നാണു കരുതുന്നത്.

പ്രതിദിനം 80,000 തീര്‍ഥാടകരെത്തുന്ന ശബരിമലയില്‍ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാരാണ്. ഇതില്‍ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റില്‍ സേവനത്തിനുള്ളത് 615 പേര്‍ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോള്‍ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണെന്ന ആക്ഷേപം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: