Social MediaTRENDING

കണ്ണിനഴകായി കുംഭാവുരുട്ടി വെള്ളച്ചാട്ടം

ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്.
കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഏറെ സാഹസികമായി മാത്രമേ  എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്.
 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.
കൊല്ലം ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. വനത്തിൽക്കൂടി ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം.
വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളെ അധികൃതർ നിയമിച്ചിട്ടുണ്ട്. ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.

Back to top button
error: