ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നതു സിപിഎമ്മോ പിണറായി വിജയനോ അല്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സമയമാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്വേലയാണ്. മുഖ്യമന്ത്രി പാവപ്പെട്ട ഒരാളുടെ കയ്യില്നിന്നെങ്കിലും പരാതി കൈകൊണ്ട് സ്വീകരിച്ചാല്‍ പരാതി നല്കുന്നയാള്ക്കു സ്വര്‍ണമോതിരം നല്‍കുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍:
”5 സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലൊഴികെ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ ബിജെപിയേക്കാള്‍ സന്തോഷിച്ചതു സിപിഎമ്മാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനേക്കാള്‍ സന്തോഷം പ്രകടിപ്പിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ബിജെപി ജയിച്ചാലും കോണ്‍ഗ്രസ് പരാജയപ്പെടണമെന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. ഇതു ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഐക്യത്തെ സൂചിപ്പിക്കുന്നു.
എന്തൊരു ആഹ്ലാദമാണിത്? എകെജി സെന്ററില്‍ പടക്കം പൊട്ടിച്ചില്ലെന്നു മാത്രമേയുള്ളൂ. ഗോവിന്ദന് തുള്ളിച്ചാടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ആവേശപൂര്‍വമാണു കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നു പറയുന്നത്. രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണം മത്സരിക്കേണ്ട എന്നു തീരുമാനിക്കുന്നതു സിപിഎമ്മോ പിണറായി വിജയനോ അല്ല, കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡാണ്. സമയമാകുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കും.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തെയും സ്ഥാനാര്‍ഥിത്വത്തെയും സിപിഎം ഭയപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ‘ഇന്ത്യ’ മുന്നണിയില്ല. രാജ്യത്തു ബിജെപിയെ നേരിടാന്‍ ശക്തിയുള്ള പാര്‍ട്ടി കോണ്‍ഗ്രസാണെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. രാജസ്ഥാനില്‍ തോറ്റെങ്കിലും വോട്ടിങ് ശതമാനം കൂടി. മധ്യപ്രദേശിലും വോട്ടിങ് ശതമാനത്തില്‍ വലിയ വ്യത്യാസമില്ല. പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും.
കേരളത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സ് പാഴ്വേലയാണ്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനമാണു നടത്തുന്നത്. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനും സദസ്സ് ദുരുപയോഗം ചെയ്യുന്നു. മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരു പരാതിയും നേരിട്ട് സ്വീകരിക്കുകയോ പരിഹാരം കാണുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പാവപ്പെട്ട ഒരാളുടെ കയ്യില്നിന്നെങ്കിലും പരാതി കൈകൊണ്ട് സ്വീകരിച്ചാല്‍ അയാള്‍ക്കു ഞാന്‍ സ്വര്‍ണമോതിരം നല്‍കും. എന്തായാലും നവകേരള സദസ്സ് ഇങ്ങനെ മുന്നോട്ടു പോകുന്നതു യുഡിഎഫിനു ഗുണകരമാണ്.”