ന്യൂഡല്‍ഹി: ഏറെ വിനയവും നിറയെ ചോദ്യങ്ങളുമുള്ള ആള്‍- രാഹുല്‍ ഗാന്ധിയെ അന്തരിച്ച രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണാബ് മുഖര്‍ജി ഒരിക്കല്‍ ഇങ്ങനെ വിവരിച്ചിരുന്നെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ പുസ്തകം. ഇന്‍ പ്രണാബ്, മൈ ഫാദര്‍: എ ഡോട്ടര്‍ റിമംബേഴ്സ് എന്നാണ് രൂപാ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേര്. രാഹുല്‍, ഇനിയും രാഷ്ട്രീയമായി പക്വത ആര്‍ജിച്ചിട്ടില്ലെന്നും പ്രണാബ് വിലയിരുത്തിയിരുന്നെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രണാബ്, അദ്ദേഹത്തെ (രാഹുല്‍) വിവരിച്ചത് ഏറെ വിനയവും നിറയെ ചോദ്യങ്ങളുമുള്ള വ്യക്തി എന്നാണ്. രാഹുലിന്റെ പഠിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളമായാണ് അദ്ദേഹം ഇതിനെ കണ്ടത്. എന്നാല്‍ രാഹുല്‍ രാഷ്ട്രീയമായി ഇനിയും പക്വത ആര്‍ജിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹം (പ്രണാബ്) കരുതിയിരുന്നത് എന്ന് ശര്‍മിഷ്ഠ പുസ്തകത്തില്‍ ഓര്‍മിക്കുന്നു.
പതിവായല്ലെങ്കിലും രാഹുല്‍, രാഷ്ട്രപതിഭവനില്‍ എത്തി പ്രണാബിനെ കാണാറുണ്ടായിരുന്നു. മന്ത്രിസഭാംഗമാകാനും ഭരണനിര്‍വഹണത്തില്‍ നേരിട്ട് അനുഭവ പരിചയം കൈവരിക്കാനും പ്രണാബ്, രാഹുലിനെ ഉപദേശിച്ചിരുന്നു. എന്നാല്‍ നമുക്കെല്ലാം അറിയുന്നത് പോലെ, രാഹുല്‍ ആ ഉപദേശം ചെവിക്കൊണ്ടില്ല, പുസ്തകം പറയുന്നു. ഇത്തരത്തില്‍ 2013 മാര്‍ച്ച് 25-ന് രാഹുല്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പ്രണാബ് ഇങ്ങനെ വിലയിരുത്തി-വിവിധ മേഖലകളിലെ വിഷയങ്ങളില്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്. പക്ഷേ ഒരു വിഷയത്തില്‍നിന്ന് അതിവേഗം അടുത്ത വിഷയത്തിലേക്ക് പോകുന്നു. എനിക്കറിയില്ല, അദ്ദേഹം എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും ഉള്‍ക്കൊള്ളുന്നുണ്ടെന്നും, പുസ്തകത്തില്‍ പറയുന്നു.
2004-ല്‍ പ്രധാനമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോള്‍, ഇല്ല അവര്‍ എന്നെ പ്രധാനമന്ത്രിയാക്കില്ല എന്ന് പ്രണാബ് പറഞ്ഞതായും ശര്‍മിഷ്ഠ പുസ്തകത്തില്‍ പറയുന്നു. തന്നെ പ്രധാനമന്ത്രിയാക്കാത്തതില്‍ പ്രണാബിന് സോണിയയോട് യാതൊരുവിധ അമര്‍ഷവും ഉണ്ടായിരുന്നില്ല. മാത്രമല്ല ആ സ്ഥാനത്തേക്ക് എത്തിയ മന്‍മോഹന്‍ സിങ്ങിനോടും പ്രണാബിന് വിരോധമുണ്ടായിരുന്നില്ലെന്നും ശര്‍മിഷ്ഠ പറയുന്നു. കോണ്‍ഗ്രസ് വക്താവായിരുന്ന ശര്‍മിഷ്ഠ 2021-ലാണ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നത്.