തിരുവനന്തപുരം: സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഒന്നും രണ്ടും സ്ഥാനം കിട്ടുന്നതിന് വേണ്ടി കോഴ ആവശ്യപ്പെട്ടതായി നൃത്ത അധ്യാപികയുടെ പരാതി. തിരുവനന്തപുരം സ്വദേശിയും നൃത്ത അധ്യാപകനുമായ വിഷ്ണു, കൊല്ലം സ്വദേശിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശരത്ത് എന്നിവര്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിന് വേണ്ടി കോഴ ചോദിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.
സബ്ജില്ലാ കലോത്സവത്തില്‍ ഏജന്റുമാര്‍ അവരുടെ ആളുകളെയാണ് ജഡ്ജസ്സായി നിയമിച്ചിട്ടുള്ളത്. പണം കൊടുക്കുന്ന വിദ്യാര്‍ഥികളെ വിജയിപ്പിക്കാം. രണ്ടര ലക്ഷം രൂപ നല്‍കിയാണ് ജഡജസുമാരെ നിയമിച്ചത് ശരത്താണെന്നും പണം മുതലാക്കുന്നതിന് വേണ്ടിയാണ് വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങുന്നതെന്നുമാണ് ഇടനിലക്കാര്‍ അധ്യാപികമാരോട് പറയുന്നത്. കേരളനടനം, മോഹിനിയാട്ടം വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിന് വേണ്ടി 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടുവെന്നും അധ്യാപിക ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തില്‍ പണം നല്‍കിയാണ് പല മത്സരങ്ങളുടേയും വിജയികളെ പ്രഖ്യാപിച്ചതെന്നാണ് അധ്യാപികര്‍ പറയുന്നത്. പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും സമാനമായ കോഴ ആരോപണം ഉണ്ടായിരുന്നു.