IndiaNEWS

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും; വ്യാഴാഴ്ച സത്യപ്രതിജ്ഞ

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷി നേതാവായി ഇന്നലെ വൈകുന്നേരമാണ് രേവന്ത് റെഡ്ഡിയെ തെരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ നാളെ നടക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തെലങ്കാനയില്‍ കോണ്‍ഗ്രസിനെ വന്‍ വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കിലും നേതൃത്വം സ്ഥിരീകരണം നടത്തിയിരുന്നില്ല. മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പായിരുന്നു തീരുമാനം വൈകാന്‍ കാരണമായത്. എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവായി ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. ഉപമുഖ്യമന്ത്രിമാര്‍ ആരൊക്കെ എന്നുള്ള കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

Signature-ad

ആരാകും തെലങ്കാന മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ രണ്ടുദിവസമായി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനമുണ്ടായത്. രാഹുല്‍ ഗാന്ധിയാണ് രേവന്ത് റെഡ്ഡിയുടെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയില്‍ മുഖ്യമന്ത്രിപദം പങ്കുവെച്ചുള്ള യാതൊരു ഫോര്‍മുലയ്ക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിരുന്നില്ല. പാര്‍ട്ടിയിലെ മറ്റ് പ്രമുഖ നേതാക്കളായ ഉത്തംകുമാര്‍ റെഡ്ഡി, മല്ലു ഭട്ടി വിക്രമാര്‍ക്കക്കും ഉപമുഖ്യമന്ത്രി പദവി അല്ലെങ്കില്‍ മറ്റ് പ്രധാന പദവികള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രേവന്ത് റെഡ്ഡിയെ തെലങ്കാന മുഖ്യമന്ത്രിയാക്കാനുള്ള നിര്‍ണായക തീരുമാനമുണ്ടായത്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകന്‍ ഡി കെ ശിവകുമാര്‍. എഐസിസി നിരീക്ഷകന്‍ മാണിക് റാവു താക്കറെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Back to top button
error: