1992-ല്‍ ഡിസംബര്‍ 5നാണ് വാഹനാപകടത്തെത്തുടര്‍ന്ന് മോനിഷ വിടപറഞ്ഞത്. 21 വയസ്സായിരുന്നു. സിനിമാലോകത്തെയും ആരാധകരെയും അങ്ങേയറ്റം ഞെട്ടിച്ച അനുഭവമായിരുന്നു പ്രിയപ്പെട്ട നടിയുടെ പെട്ടെന്നുള്ള മരണം. ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അപകടം.
24 സിനിമകളിലാണ് 6 വര്‍ഷത്തെ കരിയറില്‍ മോനിഷ അഭിനയിച്ചത്. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് 16-ാം വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഈ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മോനിഷ.
മോഹൻലാല്‍, സുരേഷ് ഗോപി, മുരളി, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി മലയാളം, തമിഴ് സിനിമാ മേഖലയിലെ മുൻനിര നായകന്മാര്‍ക്കൊപ്പം ചുരുങ്ങിയ കാലഘട്ടത്തിലെ കരിയറില്‍ തന്നെ മോനിഷ അഭിനയിച്ചിരുന്നു. അവസാനമായി മോനിഷ പ്രത്യക്ഷപ്പെട്ടത് മൂന്ദ്രവത്ത് കണ്ണ് എന്ന തമിഴ് ചിത്രത്തിലാണ്.
വ്യവസായ പ്രമുഖനായിരുന്ന പരേതനായ നാരായണൻ ഉണ്ണിയുടെയും നടിയും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണിയുടെയും മകളാണ് മോനിഷ. നീലത്താമര, ഓര്‍ഡിനറി, ശൃംഗാര വേലൻ തുടങ്ങി ജനപ്രിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അമ്മ ശ്രീദേവി ഉണ്ണിയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മുഖമാണ്.